മെഡല്‍ നഷ്ടം; പക്ഷേ, അനസിന്റെ പ്രതിഭയില്‍ തിളങ്ങി നിലമേല്‍

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍നേട്ടത്തിനരികെയെത്തി രാജ്യത്തിന് അഭിമാനമായി മുഹമ്മദ് അനസ്. 400 മീറ്റര്‍ ഫൈനലില്‍ ദേശീയ റെക്കോഡ് പ്രകടനമായിരുന്നു അനസിന്റേത്. നേരിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടമായത്. നാലാംസ്ഥാനത്തായാണ് അനസ് ഫിനിഷ് ചെയ്തത്. 1958നു ശേഷം ഈ ഇനത്തില്‍ ഫൈനലില്‍ ഇടംനേടിയ കായികതാരമായി അനസ് മാറി. ആ സന്തോഷത്തിലാണ് ജന്മനാട് നിലമേല്‍. കൊല്ലം നിലമേല്‍ വളയിടം സെയ്ദ് മന്‍സിലില്‍ പരേതനായ യഹ്‌യ-ഷീന ദമ്പതികളുടെ മൂത്തമകനാണ് അനസ്. സ്‌കൂള്‍തലത്തില്‍ ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും മാറ്റുരച്ചിരുന്നു. പിന്നീട് ഇനം മാറ്റി 400 മീറ്റര്‍ ഓട്ടത്തിലേക്ക് ശ്രദ്ധതിരിച്ചു.
കാല്‍പ്പന്തു കളിക്കമ്പത്തി ല്‍ നിന്നാണ് അനസിന്റെ തുടക്കം. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ നിലമേല്‍ എന്‍എസ്എസ് കോളജ് ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയോടൊപ്പം ഓട്ടത്തിലും ശ്രദ്ധപതിപ്പിച്ചു.
നിലമേല്‍ നാദം ക്ലബ് സെക്രട്ടറിയും കായികാധ്യാപകനുമായ അന്‍സര്‍, അനസിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കി. നിലമേല്‍ എംഎംഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു പ്ലസ്‌വണ്‍ വരെ വിദ്യാഭ്യാസം. യുപിയില്‍ പഠിക്കുമ്പോള്‍ ജിവി രാജ പരിശീലനകേന്ദ്രത്തി ല്‍ പ്രവേശനം ലഭിച്ചു. 10ാം ക്ലാസ് വരെ ലോങ് ജംപിലും ട്രിപ്പി ള്‍ ജംപിലുമാണു മല്‍സരിച്ചത്.
പ്ലസ്ടു പഠനകാലത്ത് മാര്‍ ബേസില്‍ സ്‌കൂളിലേക്കു മാറി. അതോടെയാണ് അനസിന്റെ കുതിപ്പിനു തുടക്കമായത്. ജംപിങ് ഇനങ്ങളേക്കാള്‍ കൂടുതല്‍ അനസിന്റെ ശരീരഘടന ഓട്ടമല്‍സരങ്ങള്‍ക്കാണു യോജിച്ചതെന്ന നിലപാടായിരുന്നു കായികാധ്യാപിക ഷിബിക്ക്. 400 മീറ്റര്‍ ഓട്ടത്തിലേക്കു മാറിയ അനസ് ആ ഇനത്തില്‍ സംസ്ഥാന മീറ്റില്‍ മെഡല്‍ നേടി. 4ഃ400 മീറ്റര്‍ കേരള സ്‌കൂള്‍ ടീമില്‍ ഇടം നേടി. യുപിയിലെ ഇറ്റാവയില്‍ 2013ല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തെ സ്വര്‍ണത്തിലെത്തിച്ച റിലേ ടീമിന്റെ നെടുംതൂണ്‍ അനസ് ആയിരുന്നു.
400 മീറ്ററില്‍ തന്നെ പോരാട്ടം തുടര്‍ന്നതോടെ മുഹമ്മദ് അനസ് സ്വന്തമാക്കിയത് ഏതൊരു അത്‌ലറ്റിന്റെയും സ്വപ്‌നമായ ഒളിംപിക്‌സ് വേദി. ഏവരെയും അദ്ഭുതപ്പെടുത്തി അനസിന്റെ റിയോ ഒളിംപിക്‌സ് ബെര്‍ത്ത്. അതും രണ്ടിനത്തില്‍. പുരുഷന്മാരുടെ 400 മീറ്ററിലും 4ഃ400 മീറ്റര്‍ റിലേയിലുമാണ് അനസ് യോഗ്യത നേടിയത്. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാമതായി ഫിനിഷ് ചെയ്ത അനസിന് റിയോ ഒളിംപിക്‌സില്‍ മെഡല്‍നേട്ടമൊന്നുമില്ല.
പ്ലസ്ടു പൂര്‍ത്തിയാക്കിയതോടെ ബിരുദ പഠനത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ചേര്‍ന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരം എലൈറ്റ് അക്കാദമി താരമായ മുഹമ്മദ് അനസ്, ജയകുമാറിന്റെ കീഴിലാണു പരിശീലനം നടത്തിയത്. ഇതിനിടെ നാവികസേനയില്‍ ജോലിയും ലഭിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന് പരിശീലനം നല്‍കുന്ന കണ്ണൂര്‍ പുളിങ്ങോം സ്വദേശി സുബേദാര്‍ മേജര്‍ മുഹമ്മദ് കുഞ്ഞിയുടെ ശിക്ഷണത്തിലാണ് മുഹമ്മദ് അനസിന്റെ വിദേശ പരിശീലനം.
ഏഷ്യന്‍ ഗ്രാന്‍പ്രി സ്വര്‍ണം, ദേശീയ റെക്കോഡോടെ ഇന്ത്യന്‍ ഗ്രാന്‍്രപി സ്വര്‍ണം എന്നിവ കരസ്ഥമാക്കി. സഹോദരന്‍ അനീസും കായികതാരമാണ്.

RELATED STORIES

Share it
Top