മെട്രോ യാഥാര്‍ഥ്യമായി : തോട്ടക്കാട്ടുകര-കടുങ്ങല്ലൂര്‍ റോഡ് വികസനം കടലാസില്‍ആലുവ: മെട്രോ യാഥാര്‍ഥ്യമാകുമ്പോഴും തോട്ടക്കാട്ടുകര കടുങ്ങല്ലൂര്‍ റോഡ് വികസനം ഇപ്പോഴും കടലാസില്‍ തന്നെ. വര്‍ഷങ്ങളായി ഗതാഗത കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന കടുങ്ങല്ലൂര്‍ റോഡിന്റെ വികസനമാണ് അധികൃതര്‍ മറന്ന മട്ടിലായത.് ആലുവായില്‍ നിന്നും കടുങ്ങല്ലൂര്‍, ഏലൂര്‍, വരാപ്പുഴ, മുപ്പത്തടം, എടയാര്‍ തുടങ്ങി നിരവധി ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള റോഡാണ് ഇപ്പോഴും ഒരു പുരോഗതിയുമില്ലാതെ നിലനില്‍ക്കുന്നത്. ഏലൂര്‍ എടയാര്‍ വ്യവസായ മേഖലകളിലേക്കടക്കം ദിനംപ്രതി ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ ഇപ്പോഴത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം വിട്ടു നല്‍കാന്‍ ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് നാട്ടുകാര്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായപ്പോള്‍ വ്യവസായ ലോബികള്‍ക്കായി അന്നത്തെ മന്ത്രിസഭ അടക്കം നിലകൊണ്ടതോടെയാണ് റോഡ് വികസനം ജലരേഖയായത്. 11 മീറ്റര്‍ സ്ഥലം വീതം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും ഏലൂരിലെ കണ്ടെയ്‌നര്‍ ലോബികള്‍ക്കായി ഇത് 15 മീറ്ററാക്കുവാന്‍ വാശി പിടിച്ചതോടെയാണ് തീരുമാനങ്ങള്‍ പാളിയത്. റോഡ് വീതി കൂട്ടുന്നതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും മുന്‍ മന്ത്രിയുടെ പിടിവാശി മൂലം ഇതെല്ലാം പാളുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് വികസനത്തിലെ പ്രധാന പ്രശ്‌നമായ റോഡിലെ തോട്ടക്കാട്ടുകര മേല്‍പ്പാലത്തിലെ ക്രോസ് ബാര്‍ നിര്‍മ്മാണവും നടന്നില്ല. വ്യവസായ മേഖലകളിലേക്കടക്കമുള്ള വലിയ ഭാരവാഹനങ്ങളടക്കം റോഡില്‍ പ്രവേശിക്കുന്നത് പലപ്പോഴും  ഗതാഗതകുരുക്കും റോഡ് തകര്‍ച്ചയും ഉണ്ടാക്കുന്നതൊഴിവാക്കുവാന്‍ ക്രോസ് ബാര്‍ വേണമെന്ന ആവശ്യം നാട്ടുകാരും നിരവധി സംഘടനകളും ഉന്നയിച്ചെങ്കിലും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആലുവായിലെ മെട്രോ സ്‌റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന റോഡ് മെട്രോയുമായി ബന്ധപ്പെട്ട് ഗതാഗതം ഏറെ സുഗമമാകും എന്നിട്ടും റോഡ് വികസനത്തിനായി ജനപ്രതിനിധികളും പിന്നോട്ട് പോവുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് വികസനം ഉടന്‍ സാധ്യമാക്കണമെന്ന് കോറപ്രസിഡണ്ട് പി എ ഹംസക്കോയ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top