മെട്രോ ഉദ്ഘാടനത്തിന് കുമ്മനം പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം: എസ്.ഡി.പി.ഐ


തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. അനുമതിയോടെയാണ് പ്രധാനമന്ത്രിയെ അനുഗമിച്ചതെന്ന് കുമ്മനം പറയുന്നു. സെക്യൂരിറ്റി പ്രശ്‌നം ഉന്നയിച്ച്പ്രതിപക്ഷ നേതാവിന് പോലും അവസരം നിഷേധിച്ച യാത്രയില്‍ കുമ്മനം കയറിയിരുന്നതിനെ അല്‍പ്പത്തമായും ജനാധിപത്യ മര്യാദയോടുള്ള അവഹേളനമായും സി.പി.എമ്മിന്റെ ഉന്നത നേതാക്കളടക്കം അഭിപ്രായപ്പെടുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്.
നരേന്ദ്ര മോദിയിരിക്കുന്ന വേദിയില്‍ പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെ അസാധാരണമാം വിധം പുകഴ്ത്തിയത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മുഖ്യമന്ത്രിയെ ബി.ജെ.പി വരുതിയിലാക്കിയതായി സംശയിക്കേണ്ടിയിരിക്കുന്നു.സി.പി.എമ്മിലെ സാധാരണ പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനും പാര്‍ട്ടി വളര്‍ത്താനും സഹായകമാകുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്.
ഫാസിസ്റ്റ് പ്രതിരോധത്തിന്റെ നായകവേഷം അണിയാന്‍ സി.പി.എം ശ്രമിക്കുമ്പോഴും ആര്‍.എസ്.എസ് ഭരണകൂടത്തോട് പിണറായി വിജയന്‍ അതിവിധേയത്വം പ്രകടിപ്പിക്കുന്നതാണ് മെട്രോ ഉദ്ഘാടന വേദിയില്‍ കണ്ടത്. മുഖ്യമന്ത്രിയുടെ ഈ പ്രീണനനയത്തെക്കുറിച്ച് സി.പി.എം നേതൃത്വവും ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളും കേരള ജനതക്കു മുന്നില്‍ നിലപാട് വ്യക്തമാക്കണം. കേരള സര്‍ക്കാരിന് വന്‍ നഷ്ടമാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചെയ്തിട്ട് കൂടി മോദിയുടെ ഇഷ്ട പുത്രനായ അദാനിക്ക് വന്‍ ലാഭമുണ്ടാക്കുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനുള്ള പ്രതിബദ്ധത പിണറായി വിജയന്‍ മോദിയുടെ മുന്നില്‍ ആവര്‍ത്തിച്ചതും അപകടകരമായ സൂചനയാണ് നല്‍കുന്നത്. വ്യക്തിപരമായ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തെയും മാര്‍ക്‌സിസ്റ്റ് നിലപാടുകളെയും ബി.ജെ.പിക്ക് അടിയറവെക്കാനാണ് നീക്കമെങ്കില്‍ ജനങ്ങളില്‍ ഇടത് പക്ഷത്തിന് അവശേഷിക്കുന്ന സ്ഥാനവും നഷ്ടപ്പെടുമെന്ന് റോയ് അറക്കല്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top