മെട്രോപൊളിറ്റന്‍ ഹോസ്പിറ്റലിനെതിരേ കോര്‍പറേഷന്‍ ജപ്തി നടപടികളിലേക്ക്

തൃശൂര്‍: അനധികൃത നിര്‍മ്മാണം നടത്തുകയും, വസ്തു നികുതി കുടിശ്ശിക വരുത്തുകയും ചെയ്ത തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിക്കെതിരേ തൃശൂര്‍ കോര്‍പ്പറേഷന്‍ ജപ്തി നടപടികള്‍ ആരംഭിച്ചു.
നിലവില്‍ രണ്ട് നിലകള്‍ക്ക് മാത്രം കെട്ടിട നമ്പര്‍ വാങ്ങി ഇതിനു മുകളില്‍ നാല് നിലകള്‍ കൂടി പണിത് അനധികൃതമായി ഉപയോഗിച്ചു വരുന്നതിനെതിരേയാണ് കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിച്ചത്.
അനധികൃത നിര്‍മ്മാണം ക്രമപ്പെടുത്തുന്നതിനും, വസ്തു നികുതി കുടിശ്ശിക അടയ്ക്കുന്നതിനും കോര്‍പ്പറേഷന്‍ അധികൃതര്‍ നിരവധി തവണ ആശുപത്രി അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും, യാതൊരു അനുകൂല നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. 2006-2007 മുതല്‍ 2017-18 വരെ ഏകദേശം 40 ലക്ഷം രൂപയോളം വസ്തു നികുതി കുടിശ്ശികയാണ് ഉള്ളത്.
തുടര്‍ന്ന് വസ്തു നികുതി കുടിശ്ശിക 15 ദിവസത്തിനകം അടയ്ക്കുന്നതിന് 24.02.2018 ന് കോര്‍പ്പറേഷന്‍ ഡിമാന്റ് നോട്ടീസ് നല്കിയെങ്കിലും ആശുപത്രി അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നികുതി കുടിശ്ശിക ഈടാക്കുന്നതിന് വാറണ്ട് ആശുപത്രി അധികൃതര്‍ക്ക് വാറണ്ട് അയച്ചു.
തുടര്‍ നടപടികളുടെ ഭാഗമായി റവന്യൂ ഓഫിസര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രി അധികൃതര്‍ വാറണ്ട് നടപ്പാക്കുന്നതിനെ തടയുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്.

RELATED STORIES

Share it
Top