മെഗാ ജോബ് ഫെസ്റ്റില്‍ 3116 പേര്‍ക്ക് നിയമനം

കണ്ണൂര്‍:  മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷ ഭാഗമായി നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെസ്റ്റില്‍ 3116 പേര്‍ക്ക് നിയമനം ലഭിച്ചു. 719 ആണ് വിവിധ ഒഴിവുകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 92 കമ്പനികളില്‍ നിന്നായി 4212 ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 5,518 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു.
പരിപാടി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി കാര്‍ഷിക രംഗത്ത് ഉള്‍പ്പെടെ തൊഴിലാളികളെ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 35 ലക്ഷം പേരില്‍ തൊഴിലില്ലാത്തവരുടെ യഥാര്‍ഥ എണ്ണം കണക്കാക്കുന്നതിനു വകുപ്പുതല സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം തൊഴില്‍മേളകള്‍ വഴി 13,568 പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഇരുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ വാഗ്ദാനങ്ങള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ വി സുമേഷ്, കോഴിക്കോട് മേഖല എംപ്ലോയ്‌മെന്റ് ഉപ ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി വി രാജീവന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top