മെക്‌സിക്കോ ചിറകരിഞ്ഞില്ല; പറന്നുയര്‍ന്ന് ബ്രസീല്‍ ക്വാര്‍ട്ടറില്‍സമാറ: അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. റഷ്യയിലെ സമാറ മൈതാനത്ത് കാനറിപ്പടയുടെ കാല്‍പന്ത് കരുത്തിനെ വീഴ്ത്താന്‍ മെക്‌സിക്കോയ്ക്ക് സാധിക്കാതെ വന്നതോടെ 2-0ന്റെ ആവേശ ജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ തോല്‍വിയോടെ മെക്‌സിക്കോ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് വട്ടം വലകുലുക്കിയാണ് ബ്രസീല്‍ വിജയത്തിന്റെ സാംബാ താളം ചവിട്ടിയത്. സൂപ്പര്‍ താരം നെയ്മറും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിനുവേണ്ടി വലകുലുക്കിയത്.
വമ്പന്‍മാരെല്ലാം ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോവുന്നതിന് റഷ്യന്‍ ലോകകപ്പ് സാക്ഷ്യംവഹിക്കുന്നതിനാല്‍ത്തന്നെ ടീം ഫോര്‍മേഷനില്‍ വലിയ വ്യത്യാസങ്ങളില്ലാതെയാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്. ഗബ്രിയേല്‍ ജീസസിനെ കുന്തുമുനയാക്കി 4-2-3-1 ഫോര്‍മാറ്റില്‍ത്തന്നെ ബ്രസീല്‍ ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മാറ്റിലാണ് മെക്‌സിക്കോയിറങ്ങിയത്. പരിക്കേറ്റ മാഴ്‌സലോയ്ക്ക് പകരം പ്രതിരോധത്തില്‍ ഫിലിപ്പ് ലൂയിസ് ബ്രസീലിന്റെ ആദ്യ ഇലവനില്‍ ഇടം നേടി.
മല്‍സരത്തിന്റെ തുടക്കം മുതല്‍ ആക്രമണത്തിലൂന്നിമെക്‌സിക്കോ പന്ത് തട്ടിയതോടെ ബ്രസീല്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തി. ആദ്യ മിനിറ്റില്‍ത്തന്നെ മെക്‌സിക്കോയുടെ ഗ്വാര്‍ഡഡോയുടെ മിന്നല്‍ ക്രോസിനെ അപകരം സൃഷ്ടിക്കുന്നതിന് മുമ്പേ ബ്രസീല്‍ ഗോളി  അലിസണ്‍ തട്ടിയകറ്റി. പന്തടക്കത്തിലെ ആധിപത്യം തുടക്കം മുതല്‍ നേടിയെടുത്ത കാനറികള്‍ക്ക് വേണ്ടി അഞ്ചാം മിനിറ്റില്‍ നെയ്മര്‍ നടത്തിയ മുന്നേറ്റം മെക്‌സിക്കന്‍ ഗോളി ഒച്ചോവക്ക് മുന്നില്‍ തകര്‍ന്നു. നെയ്മറുടെ ബുള്ളറ്റ് ഷോട്ടിനെ ഒച്ചോവ കൈപ്പിടിയിലാക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ മെക്‌സിക്കോയ്ക്കനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലുംവീണ്ടും അലിസണ്‍ ബ്രസീലിന്റെ രക്ഷകനായി. 12ാം മിനിറ്റില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിങിലൂടെ മുന്നേറാനുള്ള മെക്‌സിക്കന്‍ താരങ്ങളുടെ ശ്രമം ബ്രസീലിന്റെ പ്രതിരോധ കോട്ടയില്‍ത്തട്ടി തകര്‍ന്നു. മഞ്ഞപ്പടയുടെ കളിക്കരുത്തിനെ വകവെക്കാതെ ചങ്കൂറ്റത്തോടെ പന്ത് തട്ടിയ മെക്‌സിക്കോ 15ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍മുഖം നന്നായി വിറപ്പിച്ചു. ലസാനോയുടെ ക്രോസ് ഹെര്‍ണാണ്ടസ് പിടിച്ചെടുത്തെങ്കിലും വലയിലേക്ക് കണക്ട് ചെയ്യുന്നതില്‍ താരം പരാജയപ്പെട്ടതോടെ ബ്രസീല്‍ രക്ഷപെടുകയായിരുന്നു.
ആദ്യ 20 മിനിറ്റില്‍ ബ്രസീലിനെ വിറപ്പിക്കുന്ന പോരാട്ടം തന്നെയാണ് മെക്‌സിക്കോ പുറത്തെടുത്തത്. 22ാം മിനിറ്റില്‍ ഹെരേരയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫിലിപ്പ് ലൂയിസ് കൃത്യ സമയത്ത് ഇടപെട്ട് അപകടം ഒഴിവാക്കുകയായിരുന്നു. ബ്രസീലിന്റെ മികച്ച പല മുന്നേറ്റങ്ങളും മെക്‌സിക്കന്‍ ഗോള്‍പോസ്റ്റിലേക്കെത്തിയെങ്കിലും മെക്‌സിക്കന്‍ ഗോളി ഒച്ചോവയുടെ പ്രകടനം അക്കൗണ്ട് തുറക്കാന്‍ ബ്രസീലിനെ വിറപ്പിച്ചു. 24ാം മിനിറ്റില്‍ വീണ്ടും നെയ്മര്‍ മെക്‌സിക്കന്‍ ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചെങ്കിലും ഒച്ചോവയുടെ സേവ് വീണ്ടും മെക്‌സിക്കോയെ രക്ഷിച്ചു. 28ാം മിനിറ്റില്‍ ഇടത് വിങിലൂടെ നെയ്മര്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും പാസ് നല്‍കിയതില്‍ നെയ്മറിന് പിഴച്ചു. 33ാം മിനിറ്റില്‍ ഇടത് വിങിലൂടെ കുതിച്ച് ഗബ്രിയേല്‍ ജീസസ് തൊടുത്ത ഷോട്ടും ഒച്ചോവയുടെ സേവിന് മുന്നില്‍ ലക്ഷ്യം കണ്ടെത്താനവാതെ മടങ്ങി. 39ാം മിനിറ്റില്‍ നെയ്മറിന്റെ ഫ്രീകിക്ക് മെക്‌സിക്കന്‍ ഗോള്‍മുഖത്തിന് മുകളിലൂടെ പറന്നകന്നു. തൊട്ടടുത്ത മിനിറ്റില്‍ ജീസസിന്റെ ക്രോസ് മെക്‌സിക്കന്‍ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഡൈവ് ചെയ്ത് ഒച്ചോവ വീണ്ടും മെക്‌സിക്കോയെ രക്ഷിച്ചു. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്തും ഗോള്‍ പിറക്കാതെ വന്നതോടെ ഗോള്‍രഹിത സമനിലയുമായാണ് ഇരു കൂട്ടരും ആദ്യ പകുതി പിരിഞ്ഞത്.  ആദ്യ പകുതിയില്‍ 51 ശതമാനം പന്തടക്കം മെക്‌സിക്കോയ്‌ക്കൊപ്പം ആയിരുന്നു. എന്നാല്‍ 11 തവണ ഗോള്‍ശ്രമം നടത്തിയ ബ്രസീല്‍ കരുത്തുകാട്ടിയപ്പോള്‍ മറുപടിയായി നാല് തവണ മാത്രമാണ് മെക്‌സിക്കോയ്ക്ക് അവസരം സൃഷ്ടിക്കാനായത്.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായാണ് മെക്‌സിക്കോയിറങ്ങിയത്. റാഫേല്‍ മാര്‍ക്കോസിനെ പുറത്തിരുത്തി പകരം ലയ്‌നെയാണ് മെക്‌സിക്കോ കളത്തിലിറക്കിയത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോളിനായി പൊരുതിക്കളിച്ച ബ്രസീല്‍ നിരന്തരം അവസരം സൃഷ്ടിച്ചു. 47ാം മിനിറ്റില്‍ മെക്‌സിക്കന്‍ ഗോള്‍പോസ്റ്റിലേക്ക് കോട്ടീഞ്ഞോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഒച്ചോവയുടെ സേവിന് മുന്നില്‍ ഗോളാവാതെ പോയി. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട്
51ാം മിനിറ്റില്‍ ബ്രസീല്‍ അക്കൗണ്ട് തുറന്നു. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വില്യന്‍ നല്‍കിയ പാസിനെ മനോഹരമായി നെയ്മര്‍ വലയിലേക്ക് തട്ടിയിട്ടു. 1-0ന് ബ്രസീല്‍ മുന്നില്‍. ലോകകപ്പിലെ ബ്രസീലിന്റെ 227ാം ഗോള്‍കൂടിയായിരുന്നു ഇത്. ആകെ ഗോള്‍വേട്ടയില്‍ ജര്‍മനിയുടെ റെക്കോഡും ഇതോടെ ബ്രസീല്‍ മറികടന്നു.
62ാം മിനിറ്റില്‍ ഗോള്‍മടക്കാന്‍ കാര്‍ലോസ് വെലയുടെ മികച്ച ഷോട്ട് ബ്രസീല്‍ ഗോളി അലിസണ്‍ ഉയര്‍ന്ന് ചാടി രക്ഷപെടുത്തി. പിന്നീടുള്ള സമയത്ത് ഗോള്‍മടക്കാനുള്ള മെക്‌സിക്കോ ശ്രമങ്ങളെല്ലാം ബ്രസീലിയന്‍ പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. 80ാം മിനിറ്റില്‍ പൗളീന്യോയെ തിരിച്ചുവിളിച്ച് പകരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് അവസരം നല്‍കി. 86ാം മിനിറ്റില്‍ കോട്ടീഞ്ഞോയ്ക്ക് പകരം റോബര്‍ട്ടോ ഫിര്‍മിനോയ്ക്കും ബ്രസീല്‍ പരിശീലകന്‍ ടിറ്റെ അവസരം നല്‍കി. ഫിര്‍മിനോ മൈതാനത്തെത്തി രണ്ട് മിനിറ്റിനുള്ളില്‍ ബ്രസീല്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. വലത് വിങില്‍ നിന്ന് നെയ്മര്‍ ഗോള്‍മുഖത്തേക്ക് നല്‍കിയ കൃത്യതയാര്‍ന്ന പാസിനെ ഫിര്‍മിനോ വലയിലെത്തിക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് ഗോളൊഴിഞ്ഞ് നിന്നതോടെ 2-0ന്റെ ജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ മെക്‌സിക്കോ പൊരുതിത്തോറ്റ് റഷ്യയില്‍ നിന്ന് മടങ്ങി.

RELATED STORIES

Share it
Top