മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക്‌ : കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ വലഞ്ഞുപത്തനംതിട്ട: സംസ്ഥാന വ്യാപകമായി കെഎസ്്്ആര്‍ടിസി  മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെ തുടര്‍ന്ന്  ജില്ലയിലെ എല്ലാം ഡിപ്പോകളിലെയും സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. ഉച്ചയോടെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന്  പണിമുടക്ക് പിന്‍വലിച്ചതോടെയാണ് സര്‍വീസുകള്‍ ഭാഗീകമായി പുനരാംഭിക്കാന്‍ കഴിഞ്ഞത്. പത്തനംതിട്ട കെഎസ്്്ആര്‍ടിസി ഡിപ്പോയില്‍ 127 സര്‍വീസുകള്‍ നടത്തുന്നതില്‍ രാവിലെ 17 എണ്ണം മാത്രമാണ് നടത്താന്‍ കഴിഞ്ഞത്. രാവിലെ മാത്രം ദീര്‍ഘദൂര സര്‍വീസുകളും ഓര്‍ഡിനറികളും മാത്രമാണ് സര്‍വീസിനയച്ചത്. ചെയിന്‍ സര്‍വീസുകള്‍ മണിക്കൂറോളം താമസിച്ചാണ് അയയ്ക്കാന്‍ കഴിഞ്ഞത്. ഉള്‍ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. പത്തനംതിട്ട ഡിപ്പോയില്‍ 70 മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരാണുള്ളത്. ഇതില്‍ ആദ്യ ഷിഫ്റ്റില്‍ ഉള്‍പ്പെടുന്ന 25 ജീവനക്കാരായിരുന്നു രാവിലത്തെ പണിമുടക്കില്‍ പെങ്കടുത്തത്. ദിവസവും ബസ്സുകളുടെ അറ്റകുറ്റപ്പണിയും ചെക്കിങും നടത്തണമെന്നാണ് നിര്‍ദേശം. അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം മെക്കാനിക്കല്‍ വിഭാഗം ലോഗ്ഷീറ്റ് തയ്യാറാക്കി വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ചെക്ക് ലിസ്റ്റ് ഡ്രൈവര്‍മാരെ ഏല്‍പിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. രാത്രിയിലാണ് ബസ്സുകളുടെ അറ്റകുറ്റപണികള്‍ കൂടുതലും നടക്കുന്നത്. എന്നാല്‍ പകലുള്ള രണ്ട് സിംഗിള്‍ ഡ്യൂട്ടിയില്‍ വരുന്നവര്‍ക്ക് കാര്യമായ ജോലിയില്ല. രാത്രിയില്‍ വേണ്ടത്ര ജീവനക്കാര്‍ മിക്ക ഡിപ്പോകളിലും ഇല്ലാത്ത അവസ്ഥയുമാണ്. അറ്റകുറ്റപ്പണി കൂടുതല്‍ നടക്കുന്ന രാത്രി സമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്താനും ഡബിള്‍ ഡ്യൂട്ടിയുടെ പേരിലുള്ള തട്ടിപ്പുകള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് മാനേജ്‌മെന്റ് കൊണ്ടുവന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കാരമാണ് ഇപ്പോള്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.പത്തനംതിട്ട ഡിപ്പോ ഉള്‍പ്പെടെ ജില്ലയിലെ മിക്ക ഡിപ്പോകളിലും ഗാരേജിന് വേണ്ടത്ര സ്ഥല സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം ജീവനക്കാര്‍ക്ക് ശരിയായി ജോലി ചെയ്യാനും കഴിയാറില്ല. കൂടാതെ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ ഉപകരണങ്ങളോ സ്‌പെയര്‍ പാര്‍ട്‌സുകളോ ഒരിടത്തുമില്ല.

RELATED STORIES

Share it
Top