മൃതദേഹ പരിശോധനാ റിപോര്‍ട്ട് നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മൃതദേഹ പരിശോധനാ റിപോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു. ഗവ. ഗസ്റ്റ്ഹൗസില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നടത്തിയ സിറ്റിങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മജിസ്റ്റിരിയല്‍ അന്വേഷണ റിപോര്‍ട്ട് പൂര്‍ത്തിയായെങ്കില്‍ അതും കമ്മീഷന് നല്‍കണം. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണ കാര്യാലയവും പോലിസും സ്വീകരിച്ച നടപടികളുടെ റിപോര്‍ട്ട് ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും കമ്മീഷന് കൈമാറി.
വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ചൂരക്കോട് നിവാസികള്‍ പ്രദേശത്തെ പാറമടക്കെതിരെ നല്‍കിയ പരാതിയില്‍ ജില്ലാ കലക്്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജിയോളജിസ്റ്റും റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെ ടോക്കണ്‍ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കോളജ് അധ്യാപികയെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന പരാതി പരിശോധിച്ച കമ്മീഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്റ്ററോട് അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.. ഇരവാളന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതിയില്‍ ജില്ലാ കലക്റ്ററോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെയുള്ള 58 പരാതികളില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. 15 പുതിയ പരാതികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top