മൃതദേഹത്തിനും നിരക്കുവര്‍ധന; പ്രതിഷേധത്തിന് മുന്നില്‍ എയര്‍ ഇന്ത്യ മുട്ടുമടക്കി

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്നു പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തുക ഇരട്ടിയാക്കിയ ദിവസങ്ങള്‍ക്കകം തന്നെ എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഭാരം കണക്കാക്കി തുക നിശ്ചയിച്ച് കാര്‍ഗോയ്ക്ക് തുല്യമായ രീതിയിലാണ് നിലവില്‍ മൃതദേഹം വിദേശത്തു നിന്നു കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത്.
കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെയാണ് എയര്‍ ഇന്ത്യ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ, സന്ദര്‍ശനത്തിനു ദുബയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിനോടും പ്രവാസികള്‍ പ്രതിഷേധം അറിയിച്ചു. നിരക്കുവര്‍ധന പിന്‍വലിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന്, കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് തുക ഇരട്ടിയാക്കിയ നടപടി പിന്‍വലിക്കുന്നതിന് തീരുമാനമെടുത്തത്.
നേരത്തേ രോഗികളെ സ്‌ട്രെച്ചര്‍ സംവിധാനത്തോടെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരേ പ്രവാസികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, നടപടി പിന്‍വലിച്ചിരുന്നു. ഇനി മൃതദേഹത്തിന്റെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമ്മര്‍ദം ചെലുത്തുമെന്നു പ്രവാസി സംഘടനകള്‍ പറയുന്നു.

RELATED STORIES

Share it
Top