മൃതദേഹങ്ങള്‍ കൊണ്ടുപോവാനുള്ള നിരക്ക് എയര്‍ഇന്ത്യ ഇരട്ടിയാക്കി; പ്രവാസികളുടെ പ്രതിഷേധം ശക്തമാവും

ദുബയ്: നാട്ടിലേക്കു കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ നിരക്ക് ഇരട്ടിയാക്കിയ സംഭവം പ്രവാസികളുടെ വന്‍ പ്രതിഷേധത്തിനു കാരണമാവും. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ അപേക്ഷിച്ച് നിലവിലുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ നിരക്ക് തന്നെ വളരെ കൂടുതലായിരുന്നു. ഇതിനിടയിലാണ് വീണ്ടും നിരക്ക് ഇരട്ടിയായി ഉയര്‍ത്തിയത്. എയര്‍ ഇന്ത്യയുടെ ഈ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കെഎംസിസി യുഎഇ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രവാസി സംഘടനകളുടെ സംയുക്ത യോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ മലയാളികളുടെ മൃതദേഹത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ കാര്‍ഗോ നിരക്ക് കഴിഞ്ഞദിവസമാണ് എയര്‍ ഇന്ത്യ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. കിലോയ്ക്ക് 15 ദിര്‍ഹം ഈടാക്കിയിരുന്ന എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇക്കഴിഞ്ഞ 21 മുതല്‍ 30 ദിര്‍ഹം വീതം ഈടാക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. പുതിയ നിരക്ക് പ്രകാരം 4000 ദിര്‍ഹം വരെ നല്‍കിയാണ് ഇന്നലെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് 3 പേരുടെ മൃതദേഹങ്ങള്‍ കയറ്റി അയച്ചതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി പുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. അതേസമയം ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മൃതദേഹങ്ങള്‍ തൂക്കാതെ എല്ലാത്തിനും 1,100 ദിര്‍ഹം മാത്രം ഈടാക്കി ഓരോ വിമാനത്തിലും 3 മൃതദേഹങ്ങള്‍ വരെ കൊണ്ടുപോവാറുണ്ട്. എയര്‍ ഇന്ത്യയില്‍ ഒരു മൃതദേഹം കൊണ്ടുപോവണമെങ്കില്‍ തന്നെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കനിയണം. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബയ് എന്നീ വിമാനങ്ങള്‍ പഴയ നിരക്കില്‍ തന്നെയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്. എയര്‍ അറേബ്യ സര്‍വീസ് നടത്താത്ത മംഗളൂരു, തൃശ്ശിനാപ്പള്ളി, ലഖ്‌നോ, അമൃത്‌സര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശപ്രകാരമാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുന്നതെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്.
ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് സൗജന്യമായാണ് സ്വന്തം രാജ്യങ്ങളിലെ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്. എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗം മേധാവി അഭയ് പഥക്ക് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.

RELATED STORIES

Share it
Top