മൃതദേഹങ്ങള്‍ കൂടുന്നു; തിരിച്ചറിയല്‍ വൈകും

ഷാനു  സി  കെ

തിരുവനന്തപുരം: ഓഖിയില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കൂട്ടത്തോടെ കടലില്‍ അടിയുമ്പോഴും ഇവ തിരിച്ചറിയാനുള്ള നടപടി വൈകുന്നു. ദുരന്തമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രി മോര്‍ച്ചറികളിലായി 46 മൃതദേഹങ്ങളാണ് അനാഥമായി കിടക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മരിച്ചവരാരെന്നു തിരിച്ചറിയാനാവൂ. സംസ്ഥാനത്തു ഡിഎന്‍എ പരിശോധനാ സൗകര്യം തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലും കൊച്ചിയിലെ ബയോ ടെക്‌നോളജി കേന്ദ്രത്തിലുമാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മൃതദേഹങ്ങളുടെ സാംപിളുകള്‍ ലഭിച്ചാല്‍ തന്നെ ഡിഎന്‍എ ഫലം കിട്ടാന്‍ മൂന്നുദിവസം മുതല്‍ ഒരാഴ്ച വരെ സമയമെടുക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 19ഉം തിരുവനന്തപുരത്ത് എട്ടും കൊച്ചിയില്‍ ഏഴും മലപ്പുറത്തു നാലും കൊല്ലത്തും തൃശൂരിലും രണ്ടു വീതവും മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ്. തിരിച്ചറിയേണ്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ സാംപിളുകള്‍ എടുക്കേണ്ടതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. മൃതദേഹങ്ങളില്‍ കാണുന്ന തിരിച്ചറിയല്‍ വസ്തുക്കളില്‍ സംശയം തോന്നിയാണു കുടുംബങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹങ്ങളില്‍ കുരിശുമാലയും കൈയില്‍ അണിഞ്ഞ ചരടുകളും വഴിയാണു കുടുംബങ്ങള്‍ തങ്ങളുടെ സാംപിളുകള്‍ നല്‍കാന്‍ തയ്യാറായത്. മല്‍സ്യബന്ധനത്തിനു പോയവര്‍ മരിച്ചിട്ടില്ലെന്നു കരുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ സാംപിളുകള്‍ നല്‍കാന്‍ തയ്യാറാവാത്തതും നടപടികള്‍ വൈകിക്കുന്നു. ദിവസങ്ങള്‍ കൂടുന്തോറും കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടായിട്ടുണ്ട്. അതേസമയം കടലില്‍ നിന്നു ദിവസവും മൃതദേഹങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇത്രയേറെ മൃതദേഹങ്ങള്‍ എവിടെ സൂക്ഷിക്കുമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയുടെ ശേഷി ഒരേസമയം 36 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാമെന്നതാണ്. അതിലേറെ മൃതദേഹങ്ങള്‍ ലഭിച്ചാല്‍ അവ ജില്ലയില്‍ തന്നെയുള്ള കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ആശുപത്രികളിലും ബീച്ച് ജനറല്‍ ആശുപത്രിയിലും സൂക്ഷിക്കാനുള്ള  ബദല്‍ സംവിധാനമാണു ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. വടക്കന്‍ കാറ്റും ഒഴുക്കും കാരണമാണു മൃതദേഹങ്ങള്‍ കൂട്ടമായി കോഴിക്കോട്, മലപ്പുറം തീരങ്ങളിലേക്ക് ഒഴുകിയെത്താന്‍ കാരണം. തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശ്രീചിത്രയിലും ജനറല്‍ ആശുപത്രിയിലുമാണു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ആവശ്യം വന്നാല്‍ മോര്‍ച്ചറി സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണു സര്‍ക്കാര്‍ തീരുമാനം.

RELATED STORIES

Share it
Top