മൃതദേഹം വെയിലത്ത് കിടത്തിയതായി പരാതി

മലപ്പുറം: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചതു കാരണം വിദ്യാര്‍ഥിയുടെ മൃതദേഹം ഒന്നര മണിക്കൂര്‍ വെയിലത്ത് കിടത്തി. കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹമാണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചത്. ഇത് തര്‍ക്കത്തിനിടയാക്കി.
മുങ്ങി മരണത്തില്‍ ദുരൂഹതയില്ലെന്നും ബന്ധുക്കള്‍ക്കു പരാതിയില്ലെന്നും പോലിസ് രേഖാമൂലം എഴുതി നല്‍കിയിട്ടും പ്രായ പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് മടക്കുകയായിരുന്നു. സൂപ്രണ്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് ആദ്യം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സമ്മതിച്ചെങ്കിലും പിന്നീട് മടക്കിവിടുകയായിരുന്നു. ഒന്നര മണിക്കൂറോളം പൊരിവെയിലത്ത് ആംബുലന്‍സില്‍ കിടത്തിയ ശേഷമാണു മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.
റഫറന്‍സ് കത്ത് നല്‍കാനും അധികൃതര്‍ ആദ്യം തയ്യാറായില്ല. താലൂക്ക് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ മടക്കുന്ന സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, പോലിസ് സര്‍ജന്‍ ഇല്ലാത്തതിനാലും ദുരൂഹമരണങ്ങള്‍ അടക്കമുള്ളവ സൂക്ഷമമായി പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതിനാലുമാണ് മഞ്ചേരിയിലേക്കു കൊണ്ടുപോവാന്‍ ആവശ്യപ്പെടുന്നത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വാഹനാപകട മരണം, മുങ്ങി മരണം, അസ്വാഭാവിക മരണം എന്നിവ സംഭവിച്ചാല്‍ മലപ്പുറത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ എത്തിക്കുന്ന പോലിസും ബന്ധുക്കളും മണിക്കൂറുകളോളം കാത്തു നിന്നു മടക്കി കൊണ്ടുപോവേണ്ട ഗതികേടിലാണ്. എന്തെങ്കിലും ന്യായം നിരത്തി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവാനാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് നിര്‍ദേശം ലഭിക്കാറ്. വേണ്ടപ്പെട്ടവരുടെ മരണത്തെ തുടര്‍ന്നു മാനസികമായി തകര്‍ന്നു നില്‍ക്കുന്ന കുടുംബങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന നടപടിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
പലപ്പോഴും പോലിസ് സര്‍ജനില്ല എന്ന കാരണം പറഞ്ഞാണു മടക്കാറ്. എന്നാല്‍, മുങ്ങി മരണം, അപകടമരണം എന്നിവ പോലെ മരണത്തില്‍ ദുരൂഹതയില്ലാത്തവ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലിസ് സര്‍ജന്റെ ആവശ്യമില്ല. ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് സര്‍ജനാണ് ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തേണ്ടത്. ഇത്തരത്തിലുള്ള മൃതദേഹങ്ങളെത്തിച്ചാലും ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാനാണു ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

RELATED STORIES

Share it
Top