മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ബുധനാഴ്ച പോത്തുകല്ലില്‍ കുഴഞ്ഞുവീണ് മരിച്ച തമിഴ്‌നാട് സ്വദേശി മുത്തുപാണ്ഡ്യന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വാര്‍ഡ് മെഡിക്കല്‍ ഓഫിസര്‍ തയ്യാറാവാതെ വന്നത്. പോസ്റ്റുമോര്‍ട്ടത്തിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോവണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ബന്ധുക്കള്‍ മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് മുത്തുപാണ്ഡ്യന്റെ മൃതദേഹം പോത്തുകല്ലില്‍നിന്ന് നിലമ്പൂരെത്തിച്ചത്. തുടര്‍ന്ന് പോലിസ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സമയം അഞ്ച് കഴിഞ്ഞു. അതോടെ ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കാതെവന്നു.
എന്നാല്‍, വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ എത്തിയപ്പോള്‍ മരണത്തില്‍ സംശയമുണ്ടെന്നും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവണമെന്നും ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ അറിയിക്കുകയായിരുന്നു. അതേസമയം, ബന്ധുക്കള്‍ക്കും പോത്തുകല്ല് പോലിസിനും മരണത്തില്‍ സംശയമില്ലെന്ന് വ്യക്തമാക്കിയിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top