മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്ത നടപടി വിവാദത്തിലേക്ക്

പുത്തനത്താണി: മഞ്ചേരിയിലെ പ്രകൃതി ചികില്‍സാകേന്ദ്രത്തില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നടപടി വിവാദത്തിലേക്ക്. ചെറവന്നൂര്‍ ഓട്ടുകാരപ്പുറം മയ്യേരി നസീം അഫ്‌സലിന്റെ ഭാര്യ ഷഫ്‌നയുടെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സ്വാഭാവിക മരണം സംഭവിച്ച ഷഫ്‌നയുടെ മൃതദേഹം മരുന്ന് ലോബികള്‍ക്കും ചികില്‍സാ വ്യവസായികള്‍ക്കും വേണ്ടിയാണ് ഖബറില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും ഈ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും കുടുംബവും ആരോഗ്യ അവകാശ വേദി ഭാരാവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മകള്‍ പ്രകൃതി ചികില്‍സാലയത്തില്‍ പ്രവേശിച്ചതു മുതല്‍ മരണം വരെ ഞങ്ങള്‍ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ബോധ്യമാവാത്ത ഒരു ചികില്‍സയും അവിടെ ഉണ്ടായിട്ടില്ല. ഞങ്ങളും മകളും പ്രകൃതി ചികില്‍സയും പ്രസവവും പഠിച്ച് മനസ്സിലാക്കി സ്വയം തിരഞ്ഞെടുത്തതാണ്. മരണത്തില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും അന്വേഷണമോ നടപടിയോ ആവശ്യമില്ലെന്നും കലക്ടറെയും ജില്ലാ പോലീസ് മേധാവിയേയും രേഖാമൂലം അറിയിച്ചിരുന്നതായും ഇത് മറികടന്നാണ് ഈ നീക്കം ഉണ്ടായതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.  പരാതി ഇല്ലാത്തതിനാല്‍ പോലിസ് വീട്ടില്‍ വന്നും മലപ്പുറത്തേക്ക് വിളിപ്പിച്ചും പരാതിയുണ്ടാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ബന്ധുക്കളുടെ അറിവോടെയാണെന്ന് വരുത്താന്‍ നോട്ടീസ് നല്‍കി ഒപ്പിടാന്‍ പോലിസ് നിര്‍ബന്ധിപ്പിച്ചെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ കൂടെ വന്ന ബന്ധുവിനെ ഭീഷണിപ്പെടുത്തിയാണ് ഒപ്പിടുവിച്ചതെന്നും ഈ തെറ്റായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെയും കോടതികളെയും സമീപിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കുടുംബക്കാര്‍ക്കോ യാതൊരു പരാതിയും ഇല്ലാത്ത സ്വാഭാവിക മരണത്തെ പ്രകൃതി ചികില്‍സയോടുള്ള ഡിഎം ഒയുടെ വിരോധം കൊണ്ട് മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഐഎംഎക്കും മരുന്ന് ലോബികള്‍ക്കും വേണ്ടി അസ്വാഭാവിക മരണമാക്കി റിപ്പോര്‍ട്ടുണ്ടാക്കിയതെന്ന് ആരോഗ്യ അവകാശ വേദി ഭാരാവാഹികള്‍ പറഞ്ഞു. പ്രകൃതി ചികില്‍സകരെ വേട്ടയാടുകയാണ് ഡിഎംഒയും പോലിസും. ജില്ലയില്‍ 2016ല്‍ 22 പ്രസവ മരണങ്ങളും, 2017ല്‍ 32 മരണങ്ങളും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഈ മരണങ്ങളൊക്കെ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ പ്രകൃതി ചികില്‍സാലയത്തിലെ സ്വാഭാവിക മരണത്തെ മാത്രം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കേസ് ഉണ്ടാക്കുന്നത് വിവേചനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷഫ്‌നയുടെ പിതാവ് ചേനാടന്‍ അബ്ദു സലാം, ഭര്‍ത്താവിന്റെ പിതാവ് മയ്യേരി അബ്ദുല്‍ നാസര്‍, ആരോഗ്യ അവകാശ വേദി സംസ്ഥാന ഭാരാവാഹികളായ അഡ്വ. പി എ പൗരന്‍, ഖദീജ നര്‍ഗീസ്, മുജീബ് കോക്കൂര്‍, അനസ് ചങ്ങരംകുളം പങ്കെടുത്തു .

RELATED STORIES

Share it
Top