മൃതദേഹം കണ്ടെത്തിയ സംഭവം: പുരുഷന്റേതോ സ്ത്രീയുടേതോയെന്ന് തിരിച്ചറിയാനായില്ല

കുന്നംകുളം: ചൂണ്ടല്‍പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പുരുഷന്റേതോ സ്ത്രീയുടേതോ എന്ന് തിരിച്ചറിയാനായില്ല. ഏറെ ദുരൂഹമായ സംഭവം പോലിസിന് തലവേദനയാവുന്നു. ശനിയാഴ്ച വൈകീട്ടാണ് ചൂണ്ടല്‍ പാടശേഖരത്തില്‍ കത്തി കരിഞ്ഞ നിലയില്‍ തലയുടെയും കാലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തിയത്.
ആടിനെ മേയ്ക്കാന്‍ എത്തിയ സ്ത്രീകളാണ് കാക്കകള്‍ കൊത്തിവലിക്കുന്ന ശരീരഭാഗങ്ങള്‍ ആദ്യം കണ്ടത്. പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇരുട്ട് പരന്നതിനാല്‍ തുടരാനാവാതെ പരിശോധന അവസാനിപ്പിക്കുകയായിരുന്നു. തൃശൂര്‍ ജില്ലാ റൂറല്‍ പോലിസ് മേധാവി യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു.
ഞായറാഴ്ച്ച രാവിലെ 9 ഓടെ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഡിവൈഎസ്പിമാരായ പി വിശ്വംഭരന്‍, സി അമ്മിണിക്കുട്ടന്‍, സിഐ സി ആര്‍ സന്തോഷ്, എസ്‌ഐ യു കെ ഷാജഹാന്‍, സയന്റിഫിക് അസിസ്റ്റന്റ് വി ദിനേശ് എന്നിവരുടെ നേതൃത്വത്തിന്‍ വന്‍ പോലിസ് സംഘമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഡോഗ് സ്‌ക്വാഡിലെ ഹണി എന്ന പട്ടിയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ മൃതദ്ദേഹാവശിഷ്ടങ്ങള്‍ കത്തിച്ചതിനാല്‍ ഡോഗ് സ്‌ക്വാഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പത്തരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ശരീര ഭാഗങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നീണ്ടു. സംഭവ സ്ഥലത്തെ പരിശോധനയില്‍ നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞിട്ടും ശരീര ഭാഗങ്ങള്‍ പുരുഷന്റെയോ സ്ത്രീയുടേയൊ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് പോലിസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീയുടെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനമുണ്ടായിരുന്നതെങ്കിലും സിഗരറ്റ് ലൈറ്റര്‍, ഹാന്‍സ് പാക്കറ്റ് എന്നിവ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത് പുരുഷന്റെ ശരീര ഭാഗമാണോ എന്ന സംശയവുമുയര്‍ത്തിയിട്ടുണ്ട്. മേഖലയില്‍ നിന്ന് കാണാതായവരെയും ഇതര സംസ്ഥാനക്കാരെയുംകുറിച്ചുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകളും പോലിസ് പരിശോധിക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ സ്ത്രീയുടെയോ പുരുഷന്റെയോ എന്ന് അടുത്ത ദിവസം തിരിച്ചറിയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചറിയാന്‍ വൈകുന്നത് പോലിസിന്റെ കേസന്വേഷണം ദുഷ്‌കരമാക്കും.

RELATED STORIES

Share it
Top