മൃഗീയചിന്തകളുടെ പ്രപഞ്ച വിശുദ്ധി

ഇ ജെ ദേവസ്യ
പൂച്ചക്കണ്ണുകളില്‍ സൂക്ഷിച്ചുനോക്കിയാല്‍ വിളഞ്ഞുകിടക്കുന്ന ഒരു ഗോതമ്പുപാടം കാണാം. ഇഹലോകത്തിന്റേതല്ലാത്ത ഏതോ വിശപ്പകറ്റാന്‍ പോരുന്നത്ര വിശാലമായ ആ വയല്‍ കാട്ടിത്തരാന്‍ കൂടിയാവണം വിശക്കുന്ന പൂച്ചകള്‍ മനുഷ്യന്റെ മുഖത്തു നോക്കി കരയുന്നത്. നിലാവില്‍ സ്വര്‍ണനിറമാര്‍ന്നുകിടക്കുന്ന ആ പാടം എത്രപേര്‍ കണ്ടിരിക്കുമെന്ന് അറിയില്ല. ചരിത്രത്തില്‍ രണ്ടുപേര്‍ അതു തീര്‍ച്ചയായും കണ്ടിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട പൂച്ച മ്യൂഈസ്സയുടെ കണ്ണുകളിലെ വിശാലമായ ഗോതമ്പുപാട വരമ്പിലൂടെ നടന്നാല്‍ അത് സ്വര്‍ഗകവാടം വരെ നീളുമെന്ന തെളിഞ്ഞ ആത്മജ്ഞാനമുള്ളതുകൊണ്ടാണ്, പൂച്ചസ്‌നേഹിയായ അനുയായി അബ്ദുര്‍റഹ്മാന്‍ ബിന്‍ സഖറിനെ നബി “അബൂ ഹുറൈറ’ അഥവാ പൂച്ചകളുടെ പിതാവ് എന്നു വിളിച്ചത്. കാരുണ്യത്തിന്റെ വിളവെടുപ്പ് കാത്തുകിടക്കുന്ന ആ മിഴികള്‍ പൂട്ടി— വിരിപ്പില്‍ മ്യൂഈസ്സ കിടന്നുറങ്ങുമ്പോള്‍ അതിനു ഭംഗം വരാതിരിക്കാന്‍ ശേഷിച്ച ഭാഗം വിരിപ്പു മാത്രം മുറിച്ചെടുത്താണ് പ്രവാചകന്‍ പോയത്. പൂച്ചയോടു മാത്രമല്ല, ജീവനായി പിറവിയെടുത്ത സകലതിനോടുമുള്ള സമീപനത്തില്‍ കാരുണ്യത്തിന്റെ ഈ കാവ്യാത്മകത പ്രവാചക ജീവിതത്തില്‍ ഉടനീളം കാണാം. ഒരു ഉറുമ്പിന്‍പറ്റം, അതാ മനുഷ്യക്കൂട്ടം വരുന്നു ജീവന്‍ വേണമെങ്കില്‍ മാറിക്കോ എന്നു പരസ്പരം പറഞ്ഞു നിലവിളിക്കുന്നതു കേള്‍ക്കാന്‍ യുദ്ധഭൂമിയിലൂടെയുള്ള ജീവന്‍മരണ സഞ്ചാരത്തിനിടയ്ക്കും നീതിമാനായ സോളമന് 2500 വര്‍ഷം മുമ്പ് സാധിച്ചു! തന്റെ പടയാളികളോട് ആ ഉറുമ്പിന്‍കൂട്ടങ്ങളെ ഉപദ്രവിക്കാതെ അച്ചടക്കത്തോടെ മുന്നേറാനാണ് സോളമന്‍ പറഞ്ഞത്.ഭൂമിയില്‍ ഇതര വാഴ്‌വുകളുടെ ആമോദമാര്‍ന്ന ജീവിതഘോഷയാത്രയ്ക്ക് കേവലമനുഷ്യന്‍ ഒരു കാരണവശാലും തടസ്സമാവരുതെന്ന സനാതന നീതിബോധം പരിണാമദശയിലെ ഏത് ഏടിലാണ് മനുഷ്യന്‍ ഉപേക്ഷിച്ചതെന്നു മനസ്സിലാവുന്നില്ല. ഡോ. ഹൈക്കലിന്റെ ഭാഷയില്‍, നമുക്കും ആ യുഗത്തിനുമിടയില്‍ ബുദ്ധിപരമായ മരവിപ്പിന്റെ ദീര്‍ഘാവസരങ്ങളാണു കാണാന്‍ കഴിയുക. വിശപ്പും വേട്ടയാടലും ഇന്നത്തേതിലും പ്രസക്തമായിരുന്ന പ്രാക്തനകാലഘട്ടത്തില്‍ പോലും സത്യത്തില്‍ ഇതു താനര്‍ഹിക്കുന്നോ എന്ന കുറ്റബോധം തുളുമ്പുന്ന പ്രാര്‍ഥനയോടെ മാത്രമേ മറ്റു ജീവനു മേല്‍ മനുഷ്യന്‍ കൈവച്ചിരുന്നുള്ളൂ. യാത്രാസൗകര്യവും കഠിനാധ്വാനവും യന്ത്രയുഗം ഏറ്റെടുത്തിട്ടും മറ്റു ജീവികളോടുള്ള സമീപനത്തിലെ “മനുഷ്യത്വം’ കണ്ട് സോളമന്റെ ഉറുമ്പുകള്‍ ഇപ്പോഴും കരയുകയാവും. അതാവണം ഉറുമ്പുകള്‍ എപ്പോഴും കാലുകളില്‍ എഴുന്നേറ്റുനിന്ന് രണ്ടു കൈകള്‍ കൊണ്ടും മിഴികള്‍ തുടച്ചുകൊണ്ടേയിരിക്കുന്നത്! തന്നെ സന്തോഷിപ്പിക്കാന്‍ പിടിച്ചുകൊണ്ടു വന്ന പക്ഷിയെ പിടിച്ച കൂട്ടില്‍ അതിന്റെ പാട്ടിനു വിട്ടേക്കണമെന്നാണു നബി പറഞ്ഞത്. പിടിച്ച മൃഗങ്ങളെ അതിന്റെ കാട്ടിനു വിട്ടേക്കണമെന്നും ഇതിന് അര്‍ഥമുണ്ടാവണമല്ലോ. തന്നെ അനുസരിക്കുന്ന, തന്റെ ശരീരഭാഷ അനുകരിക്കുന്ന മറ്റു ജീവികളോട്- വളര്‍ത്തുമൃഗങ്ങളോടു പോലും- മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അടുപ്പം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സ്‌നേഹമെന്ന നാട്യത്തില്‍ പൊതിഞ്ഞ ശുദ്ധ സ്വാര്‍ഥതയാണെന്നു കാണാം. ആനയുടെ ആകാരം തന്നെ വിളിച്ചുപറയുന്നുണ്ട് നാട്ടാന എന്നൊരു വര്‍ഗമേ ഇല്ല; ഉണ്ടെങ്കില്‍ കാടു മാത്രമാണ് ആ നാടെന്ന്. തിടമ്പേന്തി ഭക്ത്യാദരപൂര്‍വം നടക്കാന്‍, മനുഷ്യനെ പോലെ രണ്ടു കൈയും കൂപ്പി തൊഴാന്‍, നിലത്തു വീണ് സാഷ്ടാംഗം നമസ്‌കരിക്കാന്‍ കണ്‍കോണിലും കാതിലും മലദ്വാരത്തിലും തോട്ടി കൊളുത്തിവലിച്ച് പ്രാണന്‍ പറിച്ചെടുത്തു പഠിപ്പിച്ച പാഠം മറന്ന് ജന്മനാ ഉള്ള കാട്ടുശീലങ്ങളിലേക്ക് ആ പാവം ജീവി ഒരു നിമിഷമെങ്ങാന്‍ കുതറിപ്പോയാല്‍ അതിന്റെ പേരാണ് “മദംപൊട്ടല്‍’ അല്ലെങ്കില്‍ അനുസരണക്കേട്. നിവേദ്യമുണ്ടാക്കാന്‍ യന്ത്രം, ചന്ദനം അരയ്ക്കാന്‍ യന്ത്രം, ഭക്തിഗാനം കേള്‍പ്പിക്കാന്‍ യന്ത്രം. എങ്കില്‍ പിന്നെ എന്തുകൊണ്ട് നെറ്റിപ്പട്ടം കെട്ടിയൊരു എക്‌സ്‌കവേറ്ററിനു മേല്‍ തിടമ്പേറ്റിക്കൂടെന്ന് ഇവിടെയാരും ചോദിച്ചുകേട്ടില്ല. അതാവുമ്പോള്‍ ഇടയില്ല; മദംപൊട്ടില്ല; അനുസരണക്കേട് കാട്ടില്ല. കാഴ്ചയില്‍ കൗതുകത്തിനും കുറവില്ല. അല്ലെങ്കില്‍ത്തന്നെ ഒരാന ചെയ്യുന്ന എന്തു തൊഴിലാണ് ഒരു എക്‌സ്‌കവേറ്റര്‍ ചെയ്യാത്തത്? ലക്ഷക്കണക്കിന് അംഗസംഖ്യ വരുന്ന റോഹിന്‍ഗ്യര്‍ എന്നൊരു മനുഷ്യവംശം തന്നെ പിറന്ന മണ്ണില്‍ നിന്നു ഭ്രഷ്ടരായി ഭൂമുഖത്ത് എവിടെയും പൗരത്വമില്ലാത്തവരായി വേട്ടയാടപ്പെട്ട് അലയുമ്പോള്‍, തന്റെ ഛായയില്‍ ഒരു റോബോ—ട്ടിനെ നിര്‍മിച്ച് സോഫിയ എന്ന പേരും പൗരത്വവും നല്‍കി ലോകം മുഴുവന്‍ പറന്നുനടന്ന് ശാസ്ത്രപുരോഗതിയുടെ പാവകളി നടത്തുന്ന മനുഷ്യന് ജീവനുള്ളവയുടെ വലിയ വേദനകള്‍ നിസ്സാരമാവുന്നതില്‍ അദ്ഭുതമൊന്നുമില്ല. അപ്പോള്‍ തന്റെ ഇതരജീവീബാന്ധവത്തിന്മേല്‍ ആധുനിക മനുഷ്യന്‍ നിരത്തിപ്പോരുന്ന ന്യായീകരണങ്ങളത്രയും വെറും പൊള്ളയാണെന്നു വ്യക്തം. പുരാണങ്ങളിലും മുത്തശ്ശിക്കഥകളിലുമുള്ള, മനുഷ്യഭാഷ സംസാരിക്കുന്ന മൃഗങ്ങളെയാണ് സഹജീവിസ്‌നേഹമെന്ന തെറ്റിദ്ധാരണയിലൂടെ മനുഷ്യന്‍ ഈ നൂറ്റാണ്ടിലും തേടിക്കൊണ്ടിരിക്കുന്നത്. അവരുടെ ഭാഷ താന്‍ പഠിക്കാതെ തന്റെ ഭാഷ അവരെ പഠിപ്പിച്ച് അതിലൂടെ അവരുടെ ലോകത്തേ—ക്കു കടന്നുചെല്ലാനുള്ള ശ്രമം അത്തരം കെട്ടുകഥകളുടെ നവ അധ്യായങ്ങള്‍ മാത്രമാണ്. അമ്മയെ പിരിഞ്ഞ കൈക്കുഞ്ഞായി സാന്‍ഫ്രാന്‍സിസ്‌കോ മൃഗശാല—യില്‍ 44 വര്‍ഷം മുമ്പ് എത്തിപ്പെട്ട കോകോ എന്ന ഗോറില്ലയുടെ ഇതുവരെയുള്ള ജീവിതകഥ അതാണു സാക്ഷ്യപ്പെടുത്തുന്നത്. അവളുടെ വളര്‍ത്തമ്മയായ പെനി പീറ്റേഴ്‌സണ്‍ എന്ന യുവതി കോകോയെ മനുഷ്യനോട് സംസാരിക്കാനുള്ള ഭാഷ പഠിപ്പിച്ചു. ആയിരത്തിലധികം വാക്കുകള്‍ ആംഗ്യഭാഷയിലൂടെ സംസാരിച്ചും രണ്ടായിരത്തോളം ഇംഗ്ലീഷ് വാക്കുകള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രതികരിച്ചും ചിത്രം വരച്ചുകാട്ടിയും കോകോ മനുഷ്യനുമായി സംവദിക്കും. കസേരയില്‍ മനുഷ്യനെപ്പോലെയിരുന്ന് ഗമയില്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കിയും 25ഓളം പൂച്ചകളെ താലോലിച്ചും കോകോ മനുഷ്യനെ അതിശയിപ്പിക്കുന്നു. ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസുമായി കോകോയ്ക്ക് ഉണ്ടായിരുന്ന ദീര്‍ഘകാല ചങ്ങാത്തം ലോകം ഉറ്റുനോക്കി. അദ്ദേഹം അന്തരിച്ചപ്പോള്‍ കോകോ മനുഷ്യനെപ്പോലെ അസ്വസ്ഥത പ്രകടിപ്പിച്ചതു വാര്‍ത്തയായി. ഒരുവേള, കോകോ ഗോറില്ലയല്ലെന്നു പോലും സംസാരമുണ്ടായി. അതിലെ അദ്ഭുതം എടുത്തുമാറ്റിയാല്‍ അതുതന്നെയാണു സത്യമെന്ന് തെളിയിക്കുന്ന ഒരു സംഭവം കോകോയുടെ ജീവിതത്തില്‍ ഉണ്ടായതു മാത്രം ആരും ശ്രദ്ധിക്കാതെ പോയി. കോകോയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഷൂട്ടിങിനിടയില്‍ ഒരു മൃഗശാലയിലെ ലൊക്കേഷനില്‍ വച്ച് അറിയാതെ ഒരു മനുഷ്യക്കുട്ടി അവിടത്തെ അന്തേവാസിയായ ഗോറില്ലയുടെ കൂട്ടില്‍ വീണു. കുട്ടിയെ രക്ഷിക്കാന്‍ മുന്‍പിന്‍ ചിന്തിക്കാതെ ആ ഗോറില്ലയെ വെടിവച്ചുകൊല്ലേണ്ടിവന്നു. ആ നിമിഷം കോകോ പ്രകടിപ്പിച്ച അസ്വസ്ഥത ലോകത്താരും ശ്രദ്ധിക്കാതെ പോയി. അപ്പോള്‍ കുരലുകീറി പുറത്തുവന്ന കാട്ടുശീലും വന്യഭയഭാവവും റോബിന്‍ വില്യംസ് മരിച്ചപ്പോള്‍ അവള്‍ മനുഷ്യനു വേണ്ടി പ്രകടിപ്പിച്ച സങ്കടമായിരുന്നില്ല; മനുഷ്യന് തീര്‍ത്തും അന്യമായ കാടിന്റേതു മാത്രമായിരുന്നു അത്. ഇങ്ങനെ ഇടയ്ക്കിടെ മനുഷ്യന്‍ അവരുടെ മേല്‍ കെട്ടിവച്ചതെല്ലാം അഴിഞ്ഞുവീണ് കാടോര്‍മകളുടെ കണ്ണീരില്‍ കുളിച്ച് കാഴ്ചബംഗ്ലാവുകളിലും തൊഴിലിടങ്ങളിലും മനുഷ്യപ്പുരയിലും വെട്ടിപ്പിടിച്ച പുരയിടങ്ങളിലുമായി എത്രയെത്ര ജീവികള്‍! അവര്‍ മനുഷ്യനെ മനസ്സിലാക്കുന്നിടത്തോളം തിരിച്ചുണ്ടാവുന്നില്ലെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ കൂട്ടിവായിക്കാന്‍ പോലും ആധുനിക മനുഷ്യനു സാധിക്കുന്നില്ല. അല്ലാപുരിലെ മൗഗ്ലി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന, കര്‍ണാടകയിലെ രണ്ടു വയസ്സുകാരനായ സമര്‍ഥ് ബംഗാരിയുടെ ജീവിതത്തില്‍ അങ്ങനെയൊന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. ദിവസവും രാവിലെ ഇരുപതോളം കുരങ്ങന്‍മാര്‍ കാടിറങ്ങി അല്ലാപുര്‍ ഗ്രാമത്തിലെ സമര്‍ഥിന്റെ വീട്ടിലെത്തുന്നു. കുട്ടിയെ ഉപദ്രവിക്കാനാവും അവ വരുന്നതെന്നു കരുതിയവര്‍ക്കു തെറ്റി. സമര്‍ഥും ഈ വാനരപ്പടയുമായുള്ള ചങ്ങാത്തം കാണാന്‍ ഗ്രാമവാസികള്‍ ഇന്ന് കുരങ്ങന്‍മാര്‍ക്കുള്ള ഭക്ഷണവുമായാണ് വരുന്നത്. അവന്‍ ഉറങ്ങുകയാണെങ്കില്‍ അവര്‍ വിളിച്ചുണര്‍ത്തും. സംസാരിച്ചു തുടങ്ങാത്ത സമര്‍ഥ് ചില പ്രത്യേക ഗോഷ്ടികളിലൂടെയാണ് കുരങ്ങന്‍മാരുമായി ആശയവിനിമയം നടത്തുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. ദിവസവും രണ്ടു മണിക്കൂറോളം അവനോടൊപ്പം ചെലവഴിച്ചിട്ടേ അവര്‍ കാട്ടിലെ ജീവിതത്തിലേക്കു തിരിച്ചുപോവാറുള്ളൂ. ഈ ചങ്ങാത്തത്തില്‍ പങ്കാളികളാവാന്‍ കൊതിച്ച ഗ്രാമത്തിലെ മറ്റുള്ളവര്‍ക്ക് തോറ്റുപിന്‍മാറേണ്ടിയും വന്നു. ഇവിടെ ഒരു കാര്യം വ്യക്തമാവുകയാണ്. ഇനിയെങ്കിലും ലോകം അന്വേഷിച്ചു പഠിച്ചുതുടങ്ങേണ്ടത് മനുഷ്യഭാഷ സംസാരിച്ചുതുടങ്ങും മുമ്പ് ആ രണ്ടു വയസ്സുകാരന്‍ ഇത്ര ലളിതമായി ആ കാട്ടുജീവികളോട് സംസാരിക്കുന്ന ഭാഷ ഏതെന്നാണ്. ബിബിസി കാമറ വയ്‌ക്കേണ്ടത് സമര്‍ഥിന്റെ നിഷ്‌കളങ്ക ചേഷ്ടകള്‍ക്കും ഭാവങ്ങള്‍ക്കും നേരെയാണ്. കാരണം, അവര്‍ക്കിടയിലെവിടെയോ വീണുകിടപ്പുണ്ട് 2500 വര്‍ഷം മുമ്പ് മനുഷ്യരാശിക്കു നഷ്ടമായൊരു പ്രപഞ്ചഭാഷ. ആ കുരങ്ങന്‍മാരാവട്ടെ, ഒരു വാക്കോ അക്ഷരമോ നഷ്ടപ്പെടാതെ സൂക്ഷിച്ചുവച്ച ആ ഭാഷ അതു മനസ്സിലാവുന്ന ഒരാളെ കണ്ടപ്പോള്‍ സംസാരിക്കാനും തുടങ്ങിയിരിക്കുന്നു! അവര്‍ക്ക് അരികിലെവിടെയോ നിന്ന് സോളമന്റെ ഉറുമ്പുകള്‍ കൈകൊട്ടി ചിരിക്കുന്നുണ്ട്; തീര്‍ച്ച.                                     ി

RELATED STORIES

Share it
Top