മൃഗശാലയില്‍ സിംഹക്കൂട്ടിലേക്കു ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്കു ചാടിയയാളെ സുരക്ഷാ ജീവനക്കാര്‍ രക്ഷിച്ചു. ഒറ്റപ്പാലം പാലപ്പുറം തോണിപ്പാടത്തു വീട്ടില്‍ മുരുകന്‍ ആണ് ഇന്നലെ രാവിലെ 11ഓടെ ലയണ്‍ പാര്‍ക്കിന്റെ മതില്‍ ചാടിക്കടന്നത്. കൂട്ടിലേക്കു ചാടിയ ആള്‍ മുട്ടിലിഴഞ്ഞു നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട വാച്ച്മാന്‍ സൂപ്പര്‍വൈസറെ വിവരമറിയിച്ചു. തുടര്‍ന്നു 15ഓളം ജീവനക്കാരെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സും പോലിസുമെത്തി ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
മുരുകനെ കാണാനില്ലെന്ന് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇയാള്‍ അവശനാണെന്നും മതില്‍ ചാടുന്നതിനിടെ കാലിനു പരിക്കേറ്റിട്ടുണ്ടെന്നും മൃഗശാലാ ജീവനക്കാര്‍ പറഞ്ഞു.
ഇദ്ദേഹം മദ്യപിച്ചതായി അറിയില്ലെന്നും മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായും ജീവനക്കാര്‍ വ്യക്തമാക്കി. എന്നാല്‍, മാനസിക പ്രശ്‌നമുള്ളയാളാണു മുരുകനെന്നും കാണാതായതു ചൂണ്ടിക്കാട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.
സിംഹത്തെ പാര്‍പ്പിച്ചിരുന്ന തുറസ്സായ കൂടിന്റെ പിന്‍ഭാഗത്തു കാഴ്ചക്കാരനായി നിന്നിരുന്ന ഇയാള്‍ പെട്ടെന്ന് സുരക്ഷാമതില്‍ കടന്ന് 15 അടിയോളം താഴ്ചയുള്ള കിടങ്ങിലേക്കു ചാടുകയായിരുന്നു.
ഈ സമയം കൂട്ടില്‍ ഗ്രേസി എന്ന രണ്ടു വയസ്സുകാരി സിംഹമാണ് ഉണ്ടായിരുന്നത്. മുരുകനെ സിംഹം കണ്ടുവെന്ന് ഉറപ്പായതോടെ സന്ദര്‍ശകര്‍ ബഹളംവച്ചു. ഉടന്‍ തന്നെ ജീവനക്കാരെത്തി സിംഹത്തെ ദൂരേക്ക് അകറ്റിയതിനു ശേഷമാണു കൂട്ടിലിറങ്ങി ഇയാളെ രക്ഷപ്പെടുത്തിയത്. ലയണ്‍ പാര്‍ക്കിലെ ഒരു കൂട്ടില്‍ ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്നു സിംഹവുമാണ് ഉള്ളത്.
സുരക്ഷാവേലി നിര്‍മാണത്തിലെ അപാകതയാണ് ഇയാള്‍ അകത്തുകടക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. മൃഗശാല സന്ദര്‍ശിക്കാനാണു മുരുകന്‍ എത്തിയതെന്നാണ് പോലിസ് പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു മൃഗശാലാ ഡയറക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top