മൃഗങ്ങളെ കൊന്നുതിന്നില്ല,ഷാംപു ഉപയോഗിച്ച് കുളിപ്പിച്ചു;കണ്ണൂരില്‍ പിടികൂടിയത് വളര്‍ത്തുപുലിയെയോ?കണ്ണൂര്‍: കണ്ണൂരില്‍ പിടികൂടിയത് വളര്‍ത്തുപുലിയെയാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. പുലിയ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ. കെ ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കണ്ണൂര്‍ തായത്തെരുവിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. തുടര്‍ന്ന് പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
പുലിയ കാട്ടിലേക്ക് തുറന്നുവിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പുലി പ്രകടിപ്പിക്കുന്നതെന്ന് വെറ്ററിനറി സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാട്ടില്‍ ജീവിച്ചുപരിചയമില്ലാത്ത പുലിയ കാട്ടിലേക്ക് തുറന്നുവിടാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്നാണ് ആരെങ്കിലും വീട്ടില്‍ വളര്‍ത്തിയ പുലിയാണോ ഇതെന്ന കാര്യത്തില്‍ വനംവകുപ്പ്  അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ മനുഷ്യര്‍ക്കൊപ്പം വളര്‍ന്ന പുലിയാണിതെന്ന സംശയം ഉറപ്പിക്കാന്‍ കുറഞ്ഞ സാധ്യത മാത്രമേ ഉള്ളൂവെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡി വ്യക്തമാക്കി. ഏറെനാല്‍ മൃഗശാലയില്‍ വേട്ടയാടാതെ ഭക്ഷണം കഴിച്ചതിനാലാകാം പിന്നീട് ജീവനുള്ള ഇരയെ ഭക്ഷിക്കാന്‍ തയ്യാറാകാതിരുന്നത്. എങ്കിലും സംശയം നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top