മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് കമ്മിറ്റി നിര്‍മിച്ച പാര്‍പ്പിട സമുച്ചയം ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: സാഹോദര്യവും സാമൂഹിക നന്മയും പ്രതിജ്ഞാബദ്ധമായി മുന്നോട്ടു കൊണ്ടുപോവാന്‍ ഓരോ വിശ്വാസിയും ശ്രമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന നബിവചനമാകണം വിശ്വാസികളുടെ മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് സകാത്ത് ഫണ്ട് ഉപയോഗിച്ച് പാവപെട്ടവര്‍ക്കായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മഹല്ല് പ്രസിഡന്റ് കെ കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇമാം ഇഅ്ജാസുല്‍ കൗസരി ആമുഖ പ്രഭാഷണം നടത്തി. ജോയ്‌സ് ജോര്‍ജ് എം പി രേഖ കൈമാറ്റം നടത്തി.
എല്‍ദോ എബ്രഹാം എംഎല്‍എ ഓഡിറ്റോറിയം ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍, ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി. മഹല്ലിനു കീഴിലെ ഹിഫഌ കോളജില്‍ നിന്നും ഖുര്‍ആന്‍ പൂര്‍ണമായി മനപാഠമാക്കിയ 14 വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാനം പി പി ഇസ്ഹാഖ് മൗലവി നിര്‍വഹിച്ചു.
അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുന്‍ ഇമാം നൗഫല്‍ കൗസരി, കെ എം അബ്ദുല്‍ മജീത്, എം എ സഹീര്‍, സി എം ഷുക്കൂര്‍, പി വൈ നൂറുദ്ദീന്‍, ഷൈലാ അബ്ദുല്ല, എം അബ്ദുല്‍ഖാദിര്‍, പി എം അബ്ദുല്‍സലാം, ഫസ്്‌ലുദ്ദീന്‍ മൗലവി, നൗഷാദ് മൗലവി, വി യു സിദ്ധീഖ്, പി എസ് ഇസ്മായില്‍, അജ്മല്‍ ചക്കുങ്ങല്‍, പി എസ് ഷുക്കൂര്‍, എ എം ഷാനവാസ്, ബഷീര്‍ പുളിങ്ങനായില്‍, മഹല്ല് സെക്രട്ടറി എ ജെ ഷംസുദ്ദീന്‍, കണ്‍വീനര്‍ കെ പി അബ്ദുല്‍ കരീം സംസാരിച്ചു.  മഹല്ല് അംഗങ്ങളുടെ സക്കാത്ത് വിഹിതത്തില്‍നിന്നും ഇത് രണ്ടാംഘട്ടമാണ് കമ്മിറ്റി വീടൊരുക്കി നല്‍കുന്നത്.
ഒന്നര കോടി രൂപ ചെലവില്‍ 12 കുടുംബങ്ങള്‍ക്ക് കൂടി വീട് നിര്‍മിച്ച് നല്‍കുകയാണ് കമ്മിറ്റി.
2014ല്‍  മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. സംസ്ഥാനത്തു തന്നെ ആദ്യ സംരഭമായിരുന്നു അത്.
ഇതിന്റെ തുടര്‍ച്ചയായാണ്  വിധവകളും വികലാംഗരുമടക്കമുള്ള പന്ത്രണ്ടുപേര്‍ക്ക് കൂടി വീടു നിര്‍മിച്ചു നല്‍കുന്നത്. 2016, 2017 വര്‍ഷത്തെ സക്കാത്ത് വിഹിതത്തില്‍ നിന്നുള്ള ഒന്നര കോടി രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
നഗരസഭ 10 ാം വാര്‍ഡില്‍ ജാതിക്കകുടിയില്‍ വാങ്ങിയ 10 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തിയായ ഫഌറ്റ് സമുച്ചയത്തിലാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്.
600 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീടുകളില്‍ രണ്ട് ബെഡ് റൂം, സിറ്റൗട്ട്, ബാത്ത് റൂം എന്നിവയുണ്ട്. കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. മഹല്ല് അംഗങ്ങളില്‍ നിന്നും ലഭിച്ച നൂറോളം അപേക്ഷകളില്‍ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്.

RELATED STORIES

Share it
Top