മൂവാറ്റുപുഴയില്‍ അപകടപരമ്പര

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു നടുറോഡില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവതിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ബൈക്കപകടത്തില്‍ പരിക്കേറ്റ തഴവംകുന്ന് വെള്ളാരംകല്ല് കിളിക്കാട്‌ത്തോട്ടത്തില്‍ ബിജി ഷാജി(37)യെ മൂവാറ്റുപുഴയിലെ നിര്‍മല ആശുപത്രിയില്‍ നിന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ബിജി ഷാജിയോടൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന ഭര്‍ത്താവ് ഷാജി(45), മകന്‍ അമല്‍ (20)എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ ആംബുലന്‍സിന്റെ എമര്‍ജന്‍സി വാതില്‍ പൊളിച്ച് മൂവരെയും പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ കടാതി മൂലംകുഴിയില്‍ ടോമി രാജിന്റെ കൈയ്ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കടാതി സംഗമം പടിയില്‍ ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്നു ഇടവഴിയിലേക്ക് കാര്‍ തിരിഞ്ഞുകയറുന്നിതിനിടെ പിന്നാലെ വന്ന ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ വശത്തിടിച്ച ആംബുലന്‍സ് നിയന്ത്രണംവിട്ട് റോഡില്‍ തകിടം മറിഞ്ഞ് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്താണ് നിന്നത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളും ഗതാഗതവും തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നു മാറ്റിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കിലോമീറ്ററുകളോളം ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. രാത്രി ഏറെ വൈകിയാണ് ഗതാഗതം സാധാരണ നിലയിലായത്.

RELATED STORIES

Share it
Top