മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍; തകര്‍ന്നടിഞ്ഞ് രൂപ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പതിച്ചു. ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് (ഒരു ഡോളര്‍ ലഭിക്കാന്‍ വേണ്ട രൂപ) ഇന്നലെ 69.09 വരെയെത്തി. പിന്നീട് നില മെച്ചപ്പെടുത്തി ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 68.89ലെത്തി. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 68.61 ആയിരുന്നു മൂല്യം.
ബുധനാഴ്ച 30 പൈസയുടെ നഷ്ടം നേരിട്ട രൂപ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു പതിക്കുകയായിരുന്നു. 0.7 ശതമാനം തകര്‍ച്ചയാണ് ഇന്നലെ രൂപ നേരിട്ടത്. ഇതാദ്യമായാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം 69 കടക്കുന്നത്.
യുഎസ് ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടാവുന്ന വര്‍ധനയും ആഗോളതലത്തിലെ വ്യാപാരയുദ്ധ സാധ്യതയും രൂപയുടെ മൂല്യശോഷണത്തിന് കാരണമായിട്ടുണ്ട്. വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തു നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതും ഇടിവിന് കാരണമായി. 2016 നവംബര്‍ 24നായിരുന്നു ഇതിനു മുമ്പ് രൂപ ഏറ്റവും തകര്‍ന്നത്. അന്ന് 68 രൂപ 86 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. 2013 ആഗസ്ത് 28ന് 68.82ലും എത്തിയിരുന്നു. ഈ വര്‍ഷം ആകെ രൂപയുടെ മൂല്യം എട്ടുശതമാനത്തോളമാണ് ശോഷിച്ചത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സിയായി രൂപ മാറുകയും ചെയ്തു.
രൂപയ്‌ക്കെതിരേ ഡോളറിന്റെ മൂല്യമുയരുന്നത് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. പ്രധാനമായും അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്കു വേണ്ടി കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നതാണ് സാധാരണക്കാരെ ബാധിക്കുക. എണ്ണവില ഉയരാനും ഗതാഗതച്ചെലവ് വര്‍ധിക്കാനും ഇതു കാരണമാവും. ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കും. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, കാര്‍ തുടങ്ങിയവയുടെ വിലയും കൂടാനിടയാക്കും.

RELATED STORIES

Share it
Top