മൂര്യാട് പ്രമോദ് വധം: വിധിപറയുന്നത് 16ലേക്കു മാറ്റി

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ മൂര്യാട് ചുള്ളിക്കുന്നിലെ കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് ഈ മാസം 16ലേക്ക് മാറ്റി. കേസ് ഇന്നലെ രാവിലെ പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റിവച്ചത്. 2007 ആഗസ്ത് 16നു രാവിലെ ഏഴോടെ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നില്‍ കശുമാവിന്‍ തോട്ടത്തിലാണ് കേസിനാസ്പദമായ സംഭവം.
ബിജെപി പ്രവര്‍ത്തകനായ മൂര്യാട്ടെ കുമ്പളപ്രവന്‍ പ്രമോദിനെ(37)യാണ് വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന മൂര്യാട്ടെ ആലക്കാടന്‍ പ്രകാശനെ(51) പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണു കേസ്. സിപിഎം പ്രവര്‍ത്തകരായ മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍(60), മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍(51), മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍(56), പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍(58), ചാലിമാളയില്‍ പാട്ടാരി ദിനേശന്‍(50), കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്(32), ജാനകി നിലയത്തില്‍ കേളോത്ത് ഷാജി(36), കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍(28), ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു(41), കിഴക്കയില്‍ പാലേരി റിജേഷ്(30), ഷമില്‍ നിവാസില്‍ വാളോത്ത് ശശി(50) എന്നിവരാണ് കേസിലെ പ്രതികള്‍.
നകണ്ണവം എസ്‌ഐയായിരുന്ന കെ വി പ്രമോദിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുരളിക്കോളി രമേശന്‍, വാളാങ്കി രാജീവന്‍, പുത്തന്‍പുരയില്‍ പ്രകാശന്‍, ഡോ പി ശ്യാമള, ഡോ. ഗിരിജാദേവി, പോലിസ് ഓഫിസര്‍മാരായ പി സതീശന്‍, എ വി പ്രദീപ്, സജീവന്‍ തുടങ്ങിയവരാണ് കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികള്‍. 25 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍ അഡ്വ. പി അജയകുമാര്‍ ഹാജരായി.

RELATED STORIES

Share it
Top