മൂന്ന് സ്‌കൂളുകള്‍ക്ക് നിര്‍മിച്ച ശൗചാലയങ്ങള്‍ക്ക് വാതിലില്ല; എന്‍ജിനീയറുടെ നടപടി വിവാദത്തിലേക്ക്

മഞ്ചേശ്വരം: ജില്ലാ പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം ഡിവിഷനിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 15 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ശൗചാലയങ്ങള്‍ അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.
ബങ്കരമഞ്ചേശ്വരം ജിഎച്ച്എസ്എസ്, ഉദ്യാവരം ഗുഡ്ഡെ ജിഎച്ച്എസ്എസ്, കുഞ്ചത്തൂ ര്‍ ജിവിഎച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്കാണ് എട്ട് വീതം മുറികളുള്ള മൂന്ന് ശൗചാലയങ്ങള്‍ നിര്‍മിച്ചത്. ഓരോ സ്‌കൂളിനും അഞ്ച് ലക്ഷം രൂപ വീതമാണ് ഇതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ ശൗചാലയം നിര്‍മിച്ചിട്ടും ഇതിന് വാതില്‍ സ്ഥാപിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ശൗചാലയം നിര്‍മിച്ചത്. എല്‍എസ്ജിഡി എഇയുടെ നേതൃത്വത്തിലാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്. ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഹര്‍ഷാദ് വോര്‍ക്കാടി ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ നിര്‍മാണ കാലത്ത് ചുമതലയുണ്ടായിരുന്ന എല്‍എസ്ജിഡി അസി. എന്‍ജിനീയറെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി.
അതോടൊപ്പം പ്രശ്‌നം പരിഹരിച്ച് ശൗചാലയം പ്രവര്‍ത്തന ക്ഷമമാക്കാന്‍ യോഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED STORIES

Share it
Top