മൂന്ന് വര്‍ഷമായി വൈദ്യുതി വിഭാഗം ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നെന്ന്

തൃശൂര്‍: കോര്‍പ്പറേഷനില്‍ 2015 ല്‍ എല്‍ഡിഎഫ് കൗണ്‍സില്‍ അധികാരത്തില്‍വന്നശേഷം മൂന്ന് വര്‍ഷമായി വൈദ്യുതിവിഭാഗം ഉപഭോക്താക്കളില്‍നിന്നു വൈദ്യുതി ബോര്‍ഡിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള സേവനനിരക്കുകളാണ് ഈടാക്കിവരുന്നതെന്ന് മേയര്‍ അജിത ജയരാജന്‍.
റഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി അധിക നിരക്ക് ഈടാക്കുന്നതിനുള്ള അധികാരം വൈദ്യുതിവിഭാഗം ഉദ്യോഗസ്ഥവൃന്ദത്തില്‍ നിഷിപ്തമാണെന്നും ആയതു നയപരമായ കാര്യമല്ലാത്തതിനാല്‍ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കൗണ്‍സിലിന്റെ നിയമപരമായ അനുമതിയോ അംഗീകാരമോ നിയമാനുസരണം ആവശ്യമില്ലാത്തതാണെന്ന് മേയര്‍ വിശദീകരിക്കുന്നു. ഇന്ന് നടക്കുന്ന കൗണ്‍സിലിലേക്ക് പ്രത്യേക അജണ്ട വിഷയമായി വൈദ്യുതിവിഭാഗത്തിന്റേയും മേയറുടേയും പ്രത്യേക വിശദീകരണകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2015 മുതലുള്ള അധികനിരക്ക് വര്‍ധന കൗണ്‍സിലിന്റെ അനുമതിയോടെയല്ല നടപ്പാക്കിയതെന്നും ഇപ്പോള്‍ നടന്നതും അങ്ങിനെ തന്നെയാണെന്നും മേയര്‍ പ്രത്യേക കുറിപ്പിലും വിശദീകരിച്ചു. ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ഇലക്ട്രിസിറ്റി വിഭാഗത്തെ അപമാനിക്കത്തക്കവിധത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് ഖേദകരമാണെന്നും മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലിലേക്കുള്ള കുറിപ്പില്‍ പരിഭവം പ്രകടിപ്പിച്ചു.
കൗണ്‍സിലും കമ്മിറ്റികളും ഒന്നും അറിയാതെയും അംഗീകാരം വാങ്ങാതേയും ഉപഭോക്താക്കളില്‍ നിന്നും അധികനിരക്ക് ഈടാക്കാന്‍ വൈദ്യുതി വിഭാഗം നല്‍കിയ അപേക്ഷ നിയമവിരുദ്ധമെന്നും അംഗീകരിക്കരുതെന്നും ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പടെ എല്ലാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരും ആവശ്യപ്പെട്ടിരുന്നു. സി ബി ഗീത, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ഫ്രാന്‍സീസ് ചാലിശ്ശേരി, ഷീന ചന്ദ്രന്‍ എന്നീ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ അറിയാതെയുള്ള നടപടി അംഗീകരിക്കരുതെന്നും രാമനിലയത്തില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുത്തു നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുന്‍മേയര്‍ കെ രാധാകൃഷ്ണനും ചേംബര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ക്രെഡായ്, ആര്‍കിടെക്ട്‌സ് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംഘടനകളും മുനിസിപ്പല്‍ പ്രദേശത്ത് ബോര്‍ഡിനേക്കാള്‍ അധികരിച്ച നിരക്ക് ഈടാക്കുന്നതു കൊള്ളയാണെന്നും അനുവദിക്കരുതെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അപേക്ഷ കമ്മീഷന്‍ നിരാകരിക്കുകയായിരുന്നു.
ബോര്‍ഡിനേക്കാള്‍ അധികനിരക്ക് ഈടാക്കാനുള്ള നടപടിയെ സിറ്റിങ്ങില്‍ കമ്മീഷനും അനുകൂലിച്ചില്ല. തങ്ങളെ അധികനിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്നുവെന്ന വികാരം ഉപഭോക്താക്കളിലുണ്ടാകാന്‍ പാടില്ലെന്നും അവര്‍ക്കുകൂടി സ്വീകാര്യമായ വിധം സേവനം മെച്ചപ്പെടുത്തി പുതിയ നിരക്കിനെ സാധൂകരിക്കുന്ന കണക്കുകള്‍ വെച്ച് പുതിയ അപേക്ഷ നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വൈദ്യുതി വിതരണ വിഭാഗത്തിന്റെ ഉടമസ്ഥരും ലൈസന്‍സിയുമായ കോര്‍പ്പറേഷന്‍ കൗണ്‍സിലും ഉപഭോക്താക്കളും അറിയാതെ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവകാശവും അധികാരവും വൈദ്യുതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കാണെന്ന മേയറുടെ പുതിയ വാദം കൂടുതല്‍ വിവാദമായേക്കും.
ഒരു രൂപ പോലും കൗണ്‍സിലിന്റെ അനുമതിയില്ലാതെ ചിലവഴിക്കാന്‍ തനിക്കു അധികാരമില്ലെന്നും വൈദ്യുതിവിഭാഗം അസി.സെക്രട്ടറി തന്നെ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിപ്പെടുകയും കൂടുതല്‍ അധികാരം വേണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കേ കൗണ്‍സിലറിയാതെ ജനങ്ങളില്‍ നിന്നു കൂടുതല്‍ നിരക്ക് ഈടാക്കാനുള്ള നയപരമായ തീരുമാനം എങ്ങിനെയുണ്ടായെന്നത് പ്രശ്‌നം ഗൗരവമാക്കുന്നു.ഉപഭോക്താക്കളില്‍ നിന്നും ബോര്‍ഡിനേക്കാള്‍ അധികചാര്‍ജ് ഈടാക്കിയത് തിരിച്ച് നല്‍കാന്‍ അഡ്വ.സ്മിനി ഷിജോ നല്‍കിയ പരാതിയില്‍ 2014 റഗുലേറ്ററി കമ്മീഷന്‍ ഉത്തരവായാണ്. ദശലക്ഷകണക്കിന് രൂപ തിരിച്ച് നല്‍കുകയും ചെയ്തതാണ്. ബോര്‍ഡിനേക്കാള്‍ അധികനിരക്ക് ഈടാക്കുന്നതിനെ എതിര്‍ത്തു രംഗത്തുവന്ന ചേംബര്‍ ഉള്‍പ്പടെ വ്യാപാരി സംഘടനകള്‍ കോര്‍പ്പറേഷന് കഴിവില്ലെങ്കില്‍ നഗരത്തിലെ വൈദ്യുതി വിതരണം വൈദ്യുതിബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

RELATED STORIES

Share it
Top