മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു

കെ എ സലിം

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയാണ് ലയിപ്പിക്കുന്നത്. ഇതോടെ ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ലയനം കൊണ്ട് നിലവിലുള്ള ജീവനക്കാര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പ്രയാസം നേരിടില്ലെന്നു മന്ത്രി പറഞ്ഞു. തൊഴില്‍നഷ്ടവും ഉണ്ടാവില്ല. ജീവനക്കാരുടെ ജോലിസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഉണ്ടാവുക.
ബാങ്കുകളുടെ വായ്പ കൊടുക്കാനുള്ള ശേഷി ദുര്‍ബലമാണെന്നും ലയനത്തോടെ അത് ശക്തമാവുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ലയനം പൂര്‍ത്തിയാവുന്നത് വരെ മൂന്നു ബാങ്കുകളും അവരുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തുടരും. നേരത്തേ എസ്ബിടി ഉള്‍പ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ സംബന്ധിച്ച കണക്ക് 2015 മുതലാണ് വ്യക്തമായത്. യുപിഎ സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഈ സാമ്പത്തികവര്‍ഷം ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ അളവ് 10.3 ശതമാനമായി വര്‍ധിച്ചു.
ഈ ലയനത്തോടെ ബാങ്കുകളുടെ സേവനം മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 10,29,811 കോടിയുടെ ഇടപാടുകളുള്ള ബാങ്ക് ഓഫ് ബറോഡയാണ് ഇതില്‍ ഏറ്റവും വലുത്. വിജയാ ബാങ്കിന്റെ ഇടപാട് 2,79,674 കോടിയും ദേനാ ബാങ്കിന്റെ ഇടപാട് 1,72,937 കോടിയുമാണ്. ബാങ്കുകളുടെ കിട്ടാക്കടം 21,000 കോടി ആയി കുറഞ്ഞുവെന്ന് രാജീവ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ക്വാര്‍ട്ടറില്‍ 36,551 കോടി ബാങ്കിന് ലഭിച്ചു. ബാങ്കിങ് മേഖല ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top