മൂന്ന് ചെക് പോസ്റ്റുകള്‍ കൂടി ആരംഭിക്കും: മന്ത്രി കെ രാജു

കാസര്‍കോട്: രണ്ടു വര്‍ഷത്തിനകം ക്ഷീരോല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകുമെന്ന് ക്ഷീരവികസനം മൃഗസംരക്ഷണ മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും പുല്ലൂര്‍ ക്ഷീരസംഘം കെട്ടിടോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകള്‍ക്ക് വിലയിടിവ് നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്ന മേഖലയാണ് ക്ഷീരമേഖല. അധ്വാനത്തിനനുസരിച്ചുള്ള ലാഭം ക്ഷീരകര്‍ഷകന് കിട്ടുന്നില്ല. കാര്‍ഷികാനുബന്ധ മേഖലയില്‍ കേരളത്തിന് നഷ്ടപ്പെട്ട നന്മ തിരിച്ചു പിടിക്കണം. വിഷരഹിതമായ പച്ചക്കറിയും ഗുണമേന്മയുള്ള പാലും മാംസവും ഉല്‍പാദിപ്പിച്ച് കേരളത്തിന്റെ ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്താനാകണം.
പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ മാത്രമാണ് പാലിന്റെ ഗുണനിലവാര പരിശോധനയ്ക്ക് സൗകര്യമുള്ളത്. പുതുതായി മൂന്ന് ചെക്ക് പോസ്റ്റുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ക്ഷീരമേഖലയ്ക്ക് നാലര കോടി രൂപ നീക്കിവച്ചതില്‍ അഭിനന്ദിക്കുന്നു. മില്‍മയ്ക്ക് കഴിഞ്ഞ വര്‍ഷം 63 കോടി രൂപയാണ് ലാഭം.
ഈ ലാഭത്തില്‍ നിന്ന് എത്ര രൂപയാണ് കര്‍ഷകന് ലഭിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. പാല്‍ വില കൂട്ടുന്നതിന്റെ നേട്ടം കര്‍ഷകനും ലഭിക്കണം. ഭക്ഷ്യോല്‍പാദന സ്വയംപര്യാപ്തതനേടിയില്ലെങ്കില്‍ ആരോഗ്യരംഗത്ത് വെല്ലുവിളി നേരിടാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രഹാം റിപോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top