മൂന്നു വര്‍ഷമായി വേര്‍പെട്ട വിദേശി കുടുംബങ്ങള്‍ തടവറയില്‍ ഒരുമിക്കുന്നു

ഗുവാഹത്തി: അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ പൗരന്മാരല്ലെന്ന് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി വിവിധയിടങ്ങളിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന അഞ്ചു കുടുംബങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച സുപ്രിംകോടതി അടിയന്തരമായി ഈ അഞ്ചു കുടുംബങ്ങളെയും ഒരുമിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതോടെയാണ് ഈ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിന് നടപടിയായത്.
ഇത്തരത്തില്‍ അവരെ അവരുടെ കുടുംബങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വേര്‍പിരിക്കാന്‍ കഴിയില്ലെന്നായിരുന്നു കേസ് പരിഗണിക്കവേ സുപ്രിംകോടതി സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞത്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ചത്. ഉത്തരവിനെ തുടര്‍ന്ന് തേസ്പൂര്‍, സോനിപൂര്‍ ജില്ലകളിലെ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് അഞ്ചു പേരെയും കോക്രാജര്‍ ജില്ലാ ജയിലില്‍ നിന്ന് അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കുട്ടികള്‍ അഞ്ചു വയസ്സിനു താഴെയാണെങ്കില്‍ കുട്ടിയെ അമ്മയുടെ കൂടെയും അഞ്ചു വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ പിതാവിന്റെ കൂടെയും അഞ്ചു വയസ്സിനു മുകളിലുള്ള പെണ്‍കുട്ടിയാണെങ്കില്‍ അമ്മയുടെ കൂടെയും നിര്‍ത്തണമെന്നാണ് കോടതി ഉത്തരവ്. കുടുംബജീവിതത്തിനു കോട്ടം വരുത്തുന്നതാണ് വേറിട്ടുനിര്‍ത്തലെന്നും കോടതി പറഞ്ഞു. അഞ്ച് കുടുംബങ്ങളും നേരത്തേ ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന ജയില്‍ അധികൃതരെ സമീപിച്ചിരുന്നു.

RELATED STORIES

Share it
Top