മൂന്നു വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വസ്ഥിതിയിലെത്തിക്കുംപത്തനംതിട്ട:  മൂന്നു വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.ഹരിതകേരളം മിഷന്റെ ഭാഗമായി  വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ വരട്ടെ ആര്‍ പുഴ നടത്തത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി വിശദപദ്ധതിരേഖ തയാറാക്കുകയും അടുത്ത ബജറ്റില്‍ പണം അനുവദിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തും പ്രത്യേക വരട്ടാര്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്തുമാവും വിശദപദ്ധതി രേഖ തയാറാക്കുക. ആദ്യ ഘട്ടത്തിന്റെ ഭാഗമായി കാലവര്‍ഷത്തില്‍ നദിയില്‍ ഒഴുക്ക് ഉറപ്പാക്കുന്നതിനായി കാടും ചപ്പുകളും നീക്കം ചെയ്തു കഴിഞ്ഞു. രണ്ടാംഘട്ടമായി പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി കയ്യേറ്റം കണ്ടെത്തി നദിയെ വേര്‍ തിരിക്കും. മൂന്നാംഘട്ടമായി വരുന്ന വേനല്‍ക്കാലത്ത് വരട്ടാറിലെ അശാസ്ത്രീയമായ ചപ്പാത്തുകള്‍ പൊളിക്കുകയും പകരം പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കും. നദിയിലെ ചെളിയും മണലും എത്രമാത്രം നീക്കം ചെയ്യണമെന്ന് ശാസ്ത്രീയ പരിശോധന നടത്തി നടപടിയെടുക്കും. മണ്ണെടുക്കാനല്ല, വെള്ളമൊഴുക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.  വരട്ടാറിനെ ജലസമൃദ്ധമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നീര്‍ത്തട പദ്ധതി നടപ്പാക്കും. ഡോ. അജയ കുമാര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. വേനല്‍ക്കാലത്തും വെള്ളമൊഴുകുന്ന നദിയായി വരട്ടാറിനെ മാറ്റുകയാണ് ലക്ഷ്യം.  നദീതീരത്തുകൂടെ നടക്കുന്നതിന് നടപ്പാത സൗകര്യമൊരുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംരക്ഷണ പ്രവര്‍ത്തനത്തിനാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനു കൂടിയാണ് വരട്ടാര്‍ പദ്ധതിയിലൂടെ തുടക്കമാകുന്നത്. വരട്ടാര്‍ പുനരുജ്ജീവനത്തിലൂടെ പമ്പയുടെ മൃതപ്രായമായ 18 കിലോമീറ്റര്‍ പ്രദേശമാണ് പുനരുജ്ജീവിപ്പിക്കുന്നത്. വിജയിച്ചു കഴിഞ്ഞേ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളു. അശാസ്ത്രീയമായ ചപ്പാത്തുകള്‍ നിര്‍മിച്ചിരിക്കുന്നത് നദിയോടുള്ള കടുംകൈയാണ്. ഇതുമൂലമാണ് നദി വറ്റി വരണ്ടു പോയത്. ഒരു നദീ തടത്തില്‍നിന്ന് മറ്റൊരു നദീ തടത്തിലേക്ക് ഒഴുകിയിരുന്ന അപൂര്‍വ പ്രതിഭാസമാണ് വരട്ടാര്‍. പക്ഷേ, ഇന്ന് വരട്ടാര്‍ തോടു പോലെയായി. വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയില്‍ പരമാവധി ജനങ്ങളെ പങ്കാളികളാക്കും. വരട്ടാര്‍  വീണ്ടുമൊഴുകണമെന്ന് ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top