മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍

കളമശ്ശേരി: മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ടര്‍ക്കിയില്‍ പൊതിഞ്ഞ് പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു സമീപത്തെ ഇക്‌റ ജുമാ മസ്ജിദിന്റെ വരാന്തയില്‍ കുട്ടിയെ കണ്ടെത്തിയത്.
സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയില്‍ എത്തിയവരാണ് വരാന്തയില്‍ കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍, കളമശ്ശേരി പോലിസ്, മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പോലിസിനെയും വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന്, മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പോലിസുകാര്‍ കുട്ടിയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച് ആരോഗ്യനില ഉറപ്പു വരുത്തി. തുടര്‍ന്ന്, കുട്ടിയെ നവജാത ശിശു വിഭാഗത്തിലേക്ക് മാറ്റി.
സംഭവം സംബന്ധിച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പീറ്റര്‍ വാഴയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇന്ന് അവര്‍ മെഡിക്കല്‍ കോളജിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനു ശേഷം മാത്രമേ കുട്ടിയുടെ സംരക്ഷണം ആരെ ഏല്‍പ്പിക്കണമെന്നു തീരുമാനിക്കുകയുള്ളൂ.

RELATED STORIES

Share it
Top