മൂന്നു പാലങ്ങള്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു

ചാവക്കാട്: മേഖലയിലെ മൂന്നു പാലങ്ങള്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു. പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) കനോലി കനാലിന് കുറുകെ നിര്‍മ്മിച്ച പാലംകടവ്, ബ്ലാങ്ങാട് നടപ്പാലങ്ങളും കാരേക്കടവ് തൂക്കുപാലവുമാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്.
പാലംകടവ് പാലം അപകടാവസ്ഥയിലാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായിരിക്കെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ പാലത്തിന്റെ അറ്റകുറ്റപണിക്കായി തുക അനുവദിക്കാന്‍ നിര്‍വ്വാഹമില്ലെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മറുപടി. ഇതോടെ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മൂന്നു പാലങ്ങളും ഏറ്റെടുക്കാമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് തീരുമാനത്തിന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ഒന്നടങ്കം പിന്തുണ നല്‍കുകയും ചെയ്തു. ഉടമസ്ഥാവകാശം ഇല്ലാത്ത അവസ്ഥ വന്നാല്‍ ഈ പാലങ്ങളെല്ലാം ഉപയോഗശൂന്യമായി നശിച്ചുപോവുമെന്നും അതിനിടവന്നാല്‍ ബുദ്ധിമുട്ടുന്നത് ജനങ്ങളായിരിക്കുമെന്ന് മനസ്സിലാക്കിയാണ് ഈ പാലങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി പറഞ്ഞു. ഈ പാലങ്ങളുടെ നവീകരണങ്ങളും മറ്റും ആവശ്യമായി വരുന്ന സമയങ്ങളില്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളും സംയുക്തമായി തുക വകയിരുത്തി നിര്‍വ്വഹിക്കും. മൂന്ന് പാലങ്ങളുടേയും ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനു മുന്നോടിയായി നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ബഷീര്‍, കെ ആഷിദ, എ ഡി ധനീപ്, എന്‍ എം കെ നബീല്‍, സഫൂറ, ഷാജിത ഹംസ, മെമ്പര്‍മാരായ ഉമ്മര്‍ മുക്കണ്ടത്ത്, സുബൈദ വെളുത്തേടത്ത്, നസീമ, റ്റി സി ചന്ദ്രന്‍, എം മൂസ, ജസീറ നസീര്‍, ബിഡിഒ കെ എം വിനീത് പങ്കെടുത്തു. മൂന്നു പാലങ്ങളും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്തോടെ അപകടവാസ്ഥയിലായ പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.

RELATED STORIES

Share it
Top