മൂന്നു കുട്ടികളടക്കം നാലുപേര്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു

കുന്നംകുളം: അഞ്ഞൂര്‍ കുന്നിലെ പാറക്കുളത്തില്‍ നാലുപേര്‍ മുങ്ങി മരിച്ചു. മൂന്ന് കുട്ടികളും സ്ത്രീയുമാണ് മരിച്ചത്. സമീപവാസിയായ പാക്കത്ത് സീത(45), മകള്‍ പ്രതീക (12), അയല്‍വാസി രായംമരക്കാര്‍ വീട്ടില്‍ സന (14), സനയുടെ വീട്ടില്‍ വിരുന്നെത്തിയ ബന്ധുവായ ഹാഷിം (8) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് കുളത്തിലേക്ക് തുണി കഴുകാനും കുളിക്കാനുമായി എത്തിയതാണ് നാലുപേരും. സംഘത്തിലുണ്ടായിരുന്നവരിലാരോ അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് കുളത്തിലേക്ക് പോയവര്‍ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലില്‍ കഴുകാന്‍ കൊണ്ടുവന്ന തുണികളും ചെരിപ്പുകളും കുളത്തിനരികില്‍ കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ്, കുന്നംകുളം പോലിസ് എന്നിവരും തിരച്ചിലിന് നേതൃത്വം നല്‍കി. തിരച്ചിലിനിടെ മൃതദേഹങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിഷുദിനത്തില്‍ ഉണ്ടായ ദാരുണ സംഭവത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സ്ഥിതിയാണ് അഞ്ഞൂര്‍കുന്ന് ഗ്രാമവും നാട്ടുകാരും.


തൊഴില്‍ത്തര്‍ക്കം
ഒത്തുതീര്‍ന്നു;
മലങ്കര പ്ലാന്റേഷന്‍സ് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഒരു മാസമായി തൊടുപുഴ മലങ്കര പ്ലാന്റേഷന്‍സില്‍ നടന്നുവന്ന തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ് തുളസീധരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം അവസാനിച്ചത്. ഇന്നു മുതല്‍ തോട്ടം തുറന്നു പ്രവര്‍ത്തിക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം പ്ലാന്റേഷനില്‍ ഡി4 സംവിധാനം താല്‍ക്കാലികമായി നിലനിര്‍ത്തുന്നതിന് തീരുമാനമായി. 45 ദിവസങ്ങള്‍ക്കകം തുടര്‍ ചര്‍ച്ചകളിലൂടെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
വ്യവസ്ഥകള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് 2000 രൂപ അഡ്വാന്‍സായി നല്‍കുന്നതിനും യോഗം തീരുമാനിച്ചു. തൊഴിലുടമയെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ ജെ കെ തോമസ്, തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് സിദ്ധാര്‍ഥന്‍(ഐഎന്‍ടിയുസി), ടി ആര്‍ സോമന്‍(സിഐടിയു), ബി വിജയന്‍(ബിഎംഎസ്), പി പി ജോയ്(എഐടിയുസി), കെ എ സദാശിവന്‍(ടിയുസിഐ)  പങ്കെടുത്തു.

RELATED STORIES

Share it
Top