മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി; ഊര്‍ജ കേരള മിഷന്‍ പ്രഖ്യാപനം നാളെ

തിരുവനന്തപുരം: അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനായി പ്രധാനപ്പെട്ട അഞ്ചു പദ്ധതികള്‍ കോര്‍ത്തിണക്കിയുള്ള ഊര്‍ജ കേരള മിഷന്‍ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ടാഗൂര്‍ തിയേറ്ററില്‍ നാളെ നിര്‍വഹിക്കും. കെഎസ്ഇബി, അനെര്‍ട്ട്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണു പദ്ധതികള്‍ നടപ്പാക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തില്‍ നിന്നായി 1000 മെഗാവാട്ട് ഉല്‍പാദനം ലക്ഷ്യമിടുന്നതാണ് സൗരപദ്ധതി. ഇതിന്റെ ഭാഗമായി വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പുരപ്പുറങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിച്ച് 500 മെഗാവാട്ടും ഭൂതല പദ്ധതിയിലൂടെ 200 മെഗാവാട്ടും സോളാര്‍ പാര്‍ക്കിലൂടെ 150 മെഗാവാട്ടും ഫ്‌ളോട്ടിങ് നിലയത്തിലൂടെ 100 മെഗാവാട്ടും കനാല്‍ ടോപ്പ് ഹൈവേ പദ്ധതികളില്‍ നിന്നായി 50 മെഗാവാട്ടും ഉല്‍പാദിപ്പിക്കുന്നതാണു പദ്ധതി. വീടുകളിലും തെരുവുകളിലും സാധാരണയായി ഉപയോഗിക്കുന്ന സിഎഫ്എല്‍, ട്യൂബ്‌ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവ എല്‍ഇഡി ലൈറ്റുകളാക്കുന്ന 'ഫിലമെന്റ് രഹിത കേരളം' പദ്ധതിയിലൂടെ ഗാര്‍ഹിക ഉപഭോക്താവിന് എല്‍ഇഡി വിളക്കുകള്‍ വിതരണം ചെയ്യുകയും അതിന്റെ വില തവണകളായി വൈദ്യുതി ബില്ലിനൊപ്പം അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. പ്രസാരണരംഗത്ത് ഇന്ന് അനുഭവപ്പെടുന്ന ഞെരുക്കം ഒഴിവാക്കുന്നതിനും പ്രസാരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് 'ട്രാന്‍സ്ഗ്രിഡ് 2.0' പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലെ പ്രവൃത്തികള്‍ സുരക്ഷിതമായി നടപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ പരിശീലന പരിപാടികളും ഉള്‍പ്പെട്ടതാണ് 'ഇ-സേഫ്' പദ്ധതി. ഗുണമേന്‍മയുള്ള വൈദ്യുതി സുരക്ഷിതമായി ഉറപ്പാക്കുന്നതിന് പവര്‍ ക്വാളിറ്റി ഓഡിറ്റ് നടത്തുക, കുടുംബശ്രീ, അയല്‍ക്കൂട്ടം, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ആശാ വര്‍ക്കര്‍ എന്നിവ മുഖേന സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയൊക്കെ ഈ പദ്ധതിയിലെ ഘടകങ്ങളാണ്.

RELATED STORIES

Share it
Top