മൂന്നുവയസ്സുകാരിയെ വിറ്റ സംഭവം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

പഴയങ്ങാടി: മൂന്നുവയസ്സുകാരിയെ വിറ്റ സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മുന്നുപേര്‍ക്കെതിരേയാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അന്വേഷണച്ചുമതലയുള്ള തളിപ്പറമ്പ് സിഐ പി കെ സുധാകരനും സംഘവും ഇന്നലെ പഴയങ്ങാടിയിലെത്തി തെളിവെടുത്തു.
കഴിഞ്ഞ ദിവസമാണ് പുതിയങ്ങാടി ബീച്ച് റോഡിലെ യാസീന്‍ പള്ളിക്കു സമീപത്തെ വാടക ക്വാര്‍ട്ടഴ്‌സില്‍ താമസിച്ചിരുന്ന ബി മറിയം(32) 3700 രൂപയ്ക്കു കുട്ടിയെ വിറ്റത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുടത്ത ചെറിയ കീപ്പാട്ട് റുബീന(38) ഇടനിലക്കാരിയായി പിലാത്തറ ചക്ലിയ കോളനിക്കടുത്ത വലിയകത്ത് സുബൈദയ്ക്കാണു കുട്ടിയെ വിറ്റതെന്നു പോലിസ് കണ്ടെത്തിയിരുന്നു. ബീച്ച് റോഡിലെ ഒരു വീട്ടില്‍ ഇടപാട് നടക്കുന്നതിനിടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ പോലിസിലെത്തിച്ചത്.
തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിയംഗം ഡോ. എസ്എല്‍പി ഉമര്‍ഫാറൂഖിന് കുട്ടിയെ കൈമാറി. പെണ്‍കുട്ടി ഇപ്പോള്‍ പട്ടുവം ദീന സേവന സഭയുടെ നിയന്ത്രണത്തിലുള്ള സ്‌നേഹ നികേതന്‍ ശിശുഭവനിലാണുള്ളത്. മറിയവും സഹോദരിയും മാതാവും ഇരുവരുടെയും ഭര്‍ത്താവിനൊപ്പം കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് അമ്പലത്തിനു സമീപമാണ് കുറച്ചുകാലമായി താമസിക്കുന്നതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പള്ളി കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നു മൂന്നുദിവസം മുമ്പാണ് ഇവര്‍ അപ്രത്യക്ഷരായത്. ഇതില്‍ ഒരു യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രസവിച്ചതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ ഇവരെ ചോദ്യംചെയ്യും.
വില്‍പനയ്ക്കിരയായ പെണ്‍കുട്ടിയുടെ മാതാവിനെയും കണ്ടെത്താനായിട്ടില്ലെന്നാണു പോലിസ് പറയുന്നത്. പെണ്‍കുട്ടിയെ 3700 രൂപയ്ക്കു വില്‍ക്കുകയും മാതാവിന് 1700 രൂപയും ലഭിച്ചെന്നാണു പറയുന്നതെങ്കിലും രണ്ടു ലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നതായാണു പോലിസ് നിഗമനം.

RELATED STORIES

Share it
Top