മൂന്നുപേര്‍ക്ക് എട്ടുവര്‍ഷം തടവും 15,000 രൂപ പിഴയും

ചാവക്കാട്: കാണിപ്പയ്യൂരില്‍ സഹോദരങ്ങളെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ക്ക് എട്ടു വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ.
കാണിപ്പയ്യൂര്‍ അത്തിക്കാട്ട് മണിയുടെ മക്കളായ റിനില്‍, റിജില്‍ എന്നിവരെ ആക്രമിച്ച കേസിലാണ് കാണിപ്പയ്യൂര്‍ സ്വദേശികളായ കല്ലിങ്ങല്‍ സുരേഷ് (46), കല്ലിങ്ങല്‍ സഞ്ജയ്ദത്ത് (24), കല്ലിങ്ങല്‍ രാഷിന്‍ (23) എന്നിവരെ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 16നാണ് സംഭവം. കേസിലെ ഒന്നാംപ്രതി സുരേഷിന്റെ പക്കല്‍നിന്ന് റിനിലിന്റെ സുഹൃത്തായ വിഷ്ണു 10,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഈ സംഖ്യ സുരേഷ് തിരിച്ചുചോദിച്ച് ആക്ഷേപിക്കുന്നതിനെ റിനില്‍ ചോദ്യംചെയ്തിരുന്നു. ഈ വിരോധം തീര്‍ക്കാന്‍ സുരേഷിന്റെ നേതൃത്വത്തില്‍ റിനിലിനെ വീടിന്റെ മുന്നില്‍വെച്ച് മഴുത്തായ, ഇരുമ്പുപൈപ്പ് എന്നിവകൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ റിനിലിനെ ആശുപത്രിയിലാക്കി പണമെടുക്കാന്‍ വീട്ടിലേക്ക് തിരിച്ചുവന്ന സഹോദരന്‍ റിജിലിനെ കാത്തിരുന്ന് ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അക്രമത്തില്‍ റിനിലിന്റെ തലയ്ക്കും റിജിലിന്റെ മൂക്കിനും പരിക്കേറ്റിരുന്നു. ഗുരുവായൂര്‍ എസ്‌ഐ കെ മാധവന്‍കുട്ടിയായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. വിവിധ വകുപ്പുകളിലാണ് കോടതി ശിക്ഷ വിധിച്ചത്.

RELATED STORIES

Share it
Top