മൂന്നുപീടിക സെന്ററിലെ ട്രാഫിക് കുരുക്കഴിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കയ്പമംഗലം: മൂന്നുപീടിക സെന്ററിലെ ട്രാഫിക് കുരുക്കഴിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരിങ്ങാലക്കുട  മൂന്നുപീടിക റോഡിലെ കലുങ്ക് പൊളിച്ച് വീതി കൂട്ടുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. പൊതുമരാമത്ത് ഇരിങ്ങാലക്കുട സെക്ഷന്റെ കീഴിലാണ് പ്രവര്‍ത്തി ആരംഭിച്ചിട്ടുള്ളത്.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള നാലു ലക്ഷം രൂപ ഉപയോഗിച്ചാണ് കലുങ്ക് പൊളിച്ചു പണിയുന്നത്. പണി നടക്കുന്നതുമൂലം ഇതുവഴിയുള്ള ഗതാഗതം ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ വഴി തിരിച്ചു വിടുകയാണ്. കിഴക്കേ റോഡിലേക്ക് തിരിയുന്നിടത്തെ വൈദ്യുതി പോസ്റ്റ് മാറ്റാനും നടപടിയായിട്ടുണ്ട്. മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനുകള്‍ അടിയിലൂടെ മാറ്റി സ്ഥാപിക്കാവുന്ന ക്രമീകരണങ്ങളും നടന്നുവരുന്നു. ഇതിനായി രണ്ടു ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട റോഡില്‍ വീതി കൂട്ടുമ്പോള്‍ പൊളിച്ചു മാറ്റുന്ന കെട്ടിടത്തിലെ വ്യാപാരികളെ തൊട്ടടുത്ത ദിവസം ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന കയ്പമംഗലം ബസ് സ്റ്റാന്റ് കെട്ടിടത്തിലേക്ക് പുനരധിവസിപ്പിക്കും. നിലവില്‍ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഉള്ളിലേക്ക് പാര്‍ക്ക് ചെയ്യാവുന്ന സംവിധാനവും ഒരുക്കുമെന്ന് ഇ ടി ടൈസന്‍ എംഎല്‍എ പറഞ്ഞു. കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top