മൂന്നില്‍ പിഴച്ച് ഗോകുലം


കോഴിക്കോട്: ഇല്ല,  ഇത്തവണയും കേരള കാണികളുടെ മുന്നില്‍ ഗോകുലത്തിന് വിജയതീരമണിയാന്‍ കഴിഞ്ഞില്ല. സ്വന്തം ആരാധകരുടെ മുന്നില്‍ രണ്ടാം ഊഴത്തിനിറങ്ങിയ ഗോകുലത്തിന് വീണ്ടും പരാജയം. ഐ ലീഗിലെ മറ്റൊരു പുതുമുഖ ടീമായ നെറോക്കയ്‌ക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്  സ്വന്തം നാട്ടില്‍ വെച്ച്  ഗോകുലം എഫ് സി അടിയറവ് പറഞ്ഞത്.ചെന്നൈക്കെതിരായ ആദ്യ ഹോംമാച്ചില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് കേരളം  കളത്തിലിറങ്ങിയത്. അഞ്ച് മലയാളികളാണ് ആദ്യഇലവനില്‍ സ്ഥാനം പിടിച്ചത്.  ആദ്യരണ്ട് മല്‍സരങ്ങളിലില്ലായിരുന്ന മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഇര്‍ഷാദ് സ്ഥാനംപിടിച്ചു. കളിയുടെ ആദ്യമിനിറ്റുകളില്‍ മുന്നേറിയതൊഴിച്ചാല്‍ സമസ്തമേഖലയിലും ടീം പരാജയമായി. കേരള എഫ്‌സിയുടെ പ്രതിരോധത്തിന്റെ പാളിച്ചയില്‍ നിന്നാണ് 24ാം മിനിറ്റില്‍ നെറോക്കയുടെ ആദ്യഗോള്‍പിറന്നത്. ബോക്‌സിന് അഞ്ച്മീറ്റര്‍ പുറത്തുനിന്ന് പന്തുമായി മുന്നേറിയ ഒഡിലി ഫെലിക്‌സ് ചിഡി രണ്ട് പ്രതിരോധനിരക്കാരെയും ഗോളിയേയും മറികടന്ന് പന്ത് പോസ്റ്റിന്റെ വലതുമൂലയില്‍ നിക്ഷേപിച്ചു.  ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ 43ാം മിനിറ്റില്‍ നെറോക്ക ലീഡ് ഉയര്‍ത്തി.   വലത് കോര്‍ണറില്‍ നിന്നും  സിങ്കം സുഭാഷ് സിങ് ഉയര്‍ത്തി നല്‍കിയ ക്രോസ്, രണ്ട് ഡിഫന്‍ഡര്‍ക്കും ഗോളിക്കും ഇടയിലൂടെ പ്രീതം സിങ് ഹെഡ്ഡറിലൂടെ വലയിലാക്കി.  കേരളത്തിന്റെ മിഡ്ഫീല്‍ഡിലെ പിഴവ് മുതലെടുത്ത് നെറോക്ക താരങ്ങള്‍ നടത്തിയ മുന്നേറ്റമാണ് മൂന്നാംഗോളിന് വഴിവെച്ചത്.  ഇഞ്ച്വറി ടൈമിന്റെ ആറാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍  കിക്കില്‍ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ  പകരക്കാരനായി ഇറങ്ങിയ നഗന്‍ഗോം റൊണാള്‍ഡ് വലകുലുക്കി. ഗോകുലത്തിന്റെ സ്വന്തം സ്റ്റേഡിയം ആതിഥേയത്വം വഹിച്ച ഐ ലീഗിലെ രണ്ടാം മല്‍സരത്തിലും  എതിര്‍ടീമിനെ അടിയറവ് പറയിക്കാതെ ആരാധകര്‍ക്ക് വിരസത സമ്മാനിച്ചാണ് ഇക്കുറിയും ഗോകുലം കേരള എഫ് സി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വിട്ടത്. ജയത്തോടെ നെറോക്ക നാലാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ തോല്‍വിയോടെ ഗോകുലം ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ഗോകുലത്തിന്റെ നാലാം മല്‍സരം 22ാം തിയതി ഇന്ത്യന്‍ ആരോസിനെതിരെയാണ്.

RELATED STORIES

Share it
Top