മൂന്നാറില്‍ വന്‍ സ്പിരിറ്റ് വേട്ട

മൂന്നാര്‍: മൂന്നാറില്‍ വന്‍ സ്പിരിറ്റ് വേട്ട. തലയാര്‍ എസ്‌റ്റേറ്റിലെ തേയിലക്കാടുകളില്‍ ഒളിച്ചുവച്ച ആയിരത്തിലധികം ലിറ്റര്‍ സ്പിരിറ്റാണ് മൂന്നാര്‍ എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയാര്‍ എസ്‌റ്റേറ്റിലെ കടുകുമുടി ഡിവിഷനിലെ തേയിലക്കാടുകളില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് മൂന്നാര്‍ എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 35 ലിറ്റര്‍ അടങ്ങുന്ന 34 കാനുകളിലായാണ് ഒളിപ്പിച്ചിരുന്നത്. തേയിലക്കാടുകള്‍ക്കിടയില്‍ മണ്ണില്‍ കുഴിച്ചിട്ട രീതിയിലും തൊട്ടടുത്ത പൊന്തക്കാട്ടിലുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ എസ്‌റ്റേറ്റിലെ മോഹന്‍ എന്നയാള്‍ക്കെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രിസ്മസ് അവധിക്ക് തലാര്‍ എസ്‌റ്റേറ്റില്‍ നിന്ന് വ്യാപകമായി സ്പിരിറ്റ് എത്താന്‍ സാധ്യതയുള്ളതായി എക്‌സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി അധികൃതര്‍ എസ്റ്റേറ്റില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ സ്പിരിറ്റ് ഒളിപ്പിച്ചതു കണ്ടെത്തിയത്. പ്രവന്റീവ് ഓഫീസറായ എസ് ബാലസുബ്രഹ്മണ്യന്‍, സിവില്‍ ഓഫീസര്‍മാരായ എ സി നെബു, ബിജു മാത്യു, കെ എസ് മീരാന്‍, ജോളി ജോസഫ്, ഇടുക്കി ഇന്റലിജെന്റ് പ്രവന്റീവ് ഓഫിസര്‍മാരായ വി പി സുരേഷ്, കെ എം അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top