മൂന്നാറിലെ കായിക പരിശീലനകേന്ദ്രം പ്രയോജനപ്പെടുന്നത് കന്നുകാലികള്‍ക്ക്

മൂന്നാര്‍: സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലുള്ള മൂന്നാറിലെ കളിക്കളം പ്രയോജനപ്പെടുന്നത് കന്നുകാലികള്‍ മാത്രമായെന്ന് ആക്ഷേപം.രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും വിദേശ കായികതാരങ്ങള്‍ക്കു വരെ പരിശീലനം നല്‍കാനും വേദിയൊരുക്കുമെന്നു പ്രഖ്യാപിച്ച് ആരംഭിച്ച മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് കായിക പരിശീലന കേന്ദ്രത്തിന്റെ ഇന്നത്തെ ദുരവസ്ഥ കണ്ടാല്‍ ഏതു കായികപ്രേമിയും തലയില്‍ കൈവച്ചു പോകും. മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന പ്രവേശന കവാടത്തിലൂടെ രാവിലെ മുതല്‍ കാലികളെ ആട്ടിത്തെളിച്ച് അകത്തേക്കു കടത്തിവിടുന്നത് ഇവിടെ പതിവുകാഴ്ചയാണ്.
തേയിലത്തോട്ടം തൊഴിലാളികളുടെ കന്നുകാലികളെയാണ് ഈ മൈതാനത്തേക്കു വിടുന്നത്. ഇവിടത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കു പ്രവേശിക്കുന്നതിനു പ്രധാന കവാടത്തോടു ചേര്‍ന്നു ചെറിയ വഴി ഉണ്ടെങ്കിലും അധികൃതര്‍ പ്രധാന കവാടം എപ്പോഴും തുറന്നിടും.സ്വകാര്യവ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിവിധ പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി മൈതാനം വാടകയ്ക്കു നല്‍കുന്നതു പതിവാണ്.ഏപ്രില്‍,മേയ് മാസങ്ങളില്‍ സ്വകാര്യവ്യക്തി മൈതാനത്ത് അമ്യൂസ്‌മെന്റ് പാര്‍ക്ക് നടത്തിയിരുന്നു. ഇതോടെ മൈതാനത്ത് ആഴത്തിലുള്ള കുഴികളും രൂപപ്പെട്ടു. മരക്കമ്പുകളും കല്ലുകളും ഉള്‍പ്പെടെ മാലിന്യവും നിറഞ്ഞിട്ടുണ്ട്. കായിക കേരളത്തിന്റെ കുതിച്ചുചാട്ടത്തിനു കളമൊരുക്കുമെന്ന പ്രഖ്യാപനത്തോടെ അഞ്ചരക്കോടി രൂപ ചെലവിട്ട് എട്ടുവര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തിയ കളിക്കളത്തിനാണു ദുര്‍ഗതി. മൈതാനം ഇരുട്ടായാല്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നതായും പരാതിയുണ്ട്.

RELATED STORIES

Share it
Top