മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ നിര്‍ത്തലാക്കല്‍: തീരുമാനം മന്ത്രി ബന്ധുവിന്റെ കേസ് പരിഗണിക്കാനിരിക്കെ

സി എ സജീവന്‍
തൊടുപുഴ: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് സിപിഎം മന്ത്രിയുടെ ബന്ധുവിന്റെ അടക്കം പ്രമുഖരുടെ കേസുകള്‍ പരിഗണിക്കാനിരിക്കെ. വൈദ്യുതി മന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോധരന്റെ മകന്‍ ലജീഷ് ലംബോധരന്‍ പ്രതിയായ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ്, ഡിഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ കാറ്ററിങ് കോളജ് ഹോസ്റ്റല്‍ നിര്‍മിക്കുന്ന ഭൂമി സംബന്ധിച്ച കേസ് തുടങ്ങിയവയൊക്കെ പരിഗണിക്കുന്നതിനായി മാറ്റിവച്ചിരിക്കെയാണ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം.
മന്ത്രിയുടെ സഹോദര പുത്രന്‍ ലജീഷ് ലംബോധരന്‍ പ്രതിയായ എംടിഒപി 29/2011 കേസ് ഹൈക്കോടതിയാണ് ട്രൈബ്യൂണലിലേക്ക് റഫര്‍ ചെയ്തത്. ഇതിന്റെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലിരിക്കെയാണ് ചെയര്‍മാന്റെ കാലാവധി കഴിഞ്ഞത്. ഒരു വര്‍ഷമായിട്ടും പുതിയ ചെയര്‍മാനെ നിയമിക്കാതെ വന്നതോടെ ഈ കേസ് വിധി പറയാനായില്ല.
വ്യാജ പട്ടയമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയോഗിച്ച മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമിയാണ് ഇത്. ചിന്നക്കനാല്‍ ഗ്യാപ്പിലെ 250 ഏക്കര്‍ കാടിന്റെ നടുവില്‍ കോടികള്‍ മതിക്കുന്ന നാലേക്കര്‍ ഭൂമിയാണ് ലജീഷിനുള്ളത്. ഇതിന് എല്‍എ പട്ടയം ഉണ്ടെങ്കിലും അത് വ്യാജമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദൗത്യസംഘം നടപടിയെടുത്തത്. നടപടിക്കെതിരേ ലജീഷ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ട്രൈബ്യൂണലിനെ സമീപിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ടോമിന്‍ ജെ തച്ചങ്കരിയുടെ കാറ്ററിങ് കോളജ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന എട്ടേക്കര്‍ ഭൂമി സംബന്ധിച്ച 59/2015 കേസും അനിശ്ചിതത്വത്തിലാണ്. ഇത്തരത്തില്‍ വി എസ് സര്‍ക്കാരിന്റെ മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത പ്രമുഖരുടെ കേസുകളെല്ലാം പരിഗണിക്കാനിരിക്കെയാണ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്.
സര്‍ക്കാരിന്റെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയിലെ പ്രഥമ സ്ഥാനീയനായ വെള്ളുക്കുന്നേല്‍ ജിമ്മി സ്‌കറിയയുടെ കൈയേറ്റം സംബന്ധിച്ച എട്ടു കേസുകളില്‍ ട്രൈബ്യൂണല്‍ വിധി സര്‍ക്കാരിന് അനുകൂലമായിരുന്നു. വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാരിന്റെ 70 ഏക്കര്‍ പുല്‍മേട് കൈയേറി ബോംബെ കമ്പനിക്ക് വിറ്റു. മൂന്നാര്‍ ദൗത്യസംഘം ഈ ഭൂമിയും ഏറ്റെടുത്തിരുന്നു. ജിമ്മി പ്രതിയായ കേസിലും സര്‍ക്കാരിനൊപ്പമായിരുന്നു ട്രൈബ്യൂണല്‍.

RELATED STORIES

Share it
Top