മൂന്നാര്‍: പട്ടയം ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിന്

മൂന്നാര്‍:  ഭൂരഹിതര്‍ക്കു ഭൂമിയും പട്ടയവും നല്‍കുക, കൈവശഭൂമിക്കു പട്ടയം നല്‍കുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഡിഎച്ച്, മൂന്നാര്‍ വില്ലേജുകളില്‍ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. സമരം സംബന്ധിച്ച് ആലോചിക്കാന്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. കുറ്റിയാര്‍വാലിയില്‍ 2700 ഭൂരഹിതര്‍ക്കു 2007ല്‍ ഭൂമി പതിച്ചു നല്‍കുകയും ഭൂരേഖകള്‍ കൈമാറുകയും ചെയ്‌തെങ്കിലും ഇതുവരെ ഭൂമി അളന്നുതിരിച്ചു നല്‍കിയിട്ടില്ല.
അവര്‍ക്ക് ഉടന്‍ അവരുടെ ഭൂമി അളന്നുതിരിച്ചു നല്‍കുക, സ്ഥലം ലഭിച്ചവര്‍ക്കു പട്ടയം നല്‍കുക, മൂന്നാര്‍ ഉള്‍പ്പെടെയുള്ള പത്തു വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മാണ നിരോധനം പിന്‍വലിക്കുക, മൂന്നാര്‍ ടൗണ്‍ഷിപ്പ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങുന്നത്.
പ്രക്ഷോഭങ്ങളുടെ മുന്നോടിയായി 24ന് തോട്ടം തൊഴിലാളികള്‍, മൂന്നാര്‍ മേഖലയിലെ ഹോട്ടല്‍, റിസോര്‍ട്ട്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. 28ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഉപവാസ സമരം സംഘടിപ്പിക്കും. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, സിപിഎം ഏരിയാ സെക്രട്ടറി കെ കെ വിജയന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top