മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ അവസാനിപ്പിച്ചേക്കുംസി എ സജീവന്‍

തൊടുപുഴ: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കല്‍ നടപടികള്‍ അവസാനിപ്പിച്ചേക്കും. ദേവികുളം സബ്കലകടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്നതിനും തത്വത്തില്‍ ധാരണയായതായാണു വിവരം. ആഗസ്തില്‍ സബ്കലക്ടറുടെ കാലാവധി പൂര്‍ത്തിയാവുന്നതുവരെ ശ്രീറാം വെങ്കിട്ടരാമനെ നിലനിര്‍ത്തിയ ശേഷം ആക്ഷേപത്തിനിടയാക്കാതെ പുതിയ ആളെ തല്‍സ്ഥാനത്തു കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിന് എതിരേ മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കളും വ്യാപാരി സംഘടനകളും സംയുക്തമായി മുഖ്യമന്ത്രിയെ കണ്ടിരുന്നു.കൈയേറ്റം സംബന്ധിച്ച് ഉന്നതതല യോഗം ജൂലൈ ഒന്നിനു വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തോടെ കൈയേറ്റത്തിനു വിലങ്ങ് വീഴുമെന്നാണു കരുതുന്നത്. എല്ലാ കൈയേറ്റവും ഒഴിപ്പിക്കുന്നതിനു ഗൃഹപാഠം ആവശ്യമാണെന്ന നിര്‍ദേശം രാഷ്ട്രീയകക്ഷികള്‍ ഉന്നയിക്കും. അതു യോഗം അംഗീകരിക്കുന്നതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ മന്ദഗതിയിലാവും. അപ്പോഴേക്കും ദേവികുളത്ത് പുതിയ സബ്കലക്ടറും എത്തും. അതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാവുമെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.മൂന്നാറില്‍ സിപിഎമ്മിനും സിപിഐക്കും ഭൂമിയുണ്ട്. ഇവയ്ക്കുള്ളതു വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങളാണ്. സിപിഐ ഓഫിസ് സ്ഥിതിചെയ്യുന്നത് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കുന്ന കൈയേറ്റ ഭൂമിയിലാണ്. രവീന്ദ്രന്‍ പട്ടയം സംബന്ധിച്ച മുഴുവന്‍ കേസുകളും ഹൈക്കോടതിയിലാണ്. സബ്കലക്ടര്‍ ശ്രീറാം ചുമതലയേറ്റ ശേഷമാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കൈയേറ്റം ഒഴിപ്പിക്കലിനു വേഗത വന്നത്. നൂറുകണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എങ്കിലും കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ രാഷ്ട്രീയ കഷികള്‍ പരസ്യമായി രംഗത്തുവന്നിരുന്നില്ല. സബ് കലക്ടര്‍ക്കു പിന്തുണയുമായി സിപിഐ അടക്കമുള്ള പാര്‍ട്ടികളും സംഘടനകളും രംഗത്തുവരികയും ചെയ്തിരുന്നു. സിപിഐ ജില്ലാ നേതൃത്വവും സബ്കലക്ടര്‍ക്കൊപ്പമെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത നാളുകളില്‍ നിലപാട് മാറ്റിയിരുന്നു.മൂന്നാര്‍ ദേവികുളം റോഡില്‍ സിപിഐ ഓഫിസിനോട് ചേര്‍ന്നുള്ള 22 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. മുമ്പ് പൊതുമരാമത്ത് വകുപ്പിന് കുത്തക പാട്ടം നല്‍കിയ ഭൂമി, പിന്നീട് പ്രമുഖ അബ്കാരിക്ക് അവരുടെ ചാരായ സ്‌റ്റോറിന് വേണ്ടി നല്‍കിയതായിരുന്നു. ചാരായം നിരോധിച്ചതോടെ അബ്കാരികള്‍ ഭൂമിയുടെ അവകാശം ഉപേക്ഷിച്ചതായും സര്‍ക്കാരിന് തിരിച്ചുനല്‍കിയതായും പറയുന്നു. എന്നാല്‍, ഈ ഭൂമി മൂന്നാറിലെ ഒരു വ്യാപാരി വാങ്ങി. അതെങ്ങനെയാണ് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. തുടര്‍ന്നാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയത്. ഇതിന് എതിരെയാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി തുടങ്ങി സര്‍വകക്ഷി നേതാക്കളും വ്യാപാരി സംഘടനകളും നിവേദനം നല്‍കിയത്.

RELATED STORIES

Share it
Top