മൂന്നാം ലിംഗശേഷി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് പ്രത്യേക ഒപിആര്‍പ്പൂക്കര: മൂന്നാം ലിംഗശേഷി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കായി പ്രത്യേക ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലാണ് ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ 11ന് മെഡിക്കല്‍ കോളജ് പിടിഎ ഹാളില്‍ ഒപിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ ജഡ്ജി ശാന്തകുമാരി നിര്‍വഹിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് മൂന്നാംലിംഗ ശേഷിക്കാര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സംഘാടകരായ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ജനറള്‍ മെഡിസിന്‍, മനോരോഗം, ത്വക്ക് രോഗം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ഇവര്‍ക്ക് ലഭിക്കും. എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച മാത്രമാണ് ഈ വിഭാഗം ഒപി പ്രവര്‍ത്തിക്കുക. ജില്ലയില്‍ തന്നെ 50ഓളം മൂന്നാം ലിഗം ശേഷിയില്‍പ്പെട്ടവരുടെ ചികില്‍സ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. മറ്റുള്ള രോഗികളോടൊപ്പം ഒപ്പിയില്‍ എത്തിയാല്‍ യാതൊരു വിധ പരിഗണനയും ലഭിക്കാതെ മറ്റുള്ളവരാല്‍ അപമാനിതരാവുന്നു എന്നതിനാലാണ് ഇവര്‍ക്കായി പ്രത്യേക ഒപി വിഭാഗം പ്രവര്‍ത്തിക്കാന്‍ തയ്യാറായത്. ഈ വിഭാഗത്തിന്റെ ഒപി ദിവസം മറ്റുള്ള പ്രധാന വിഭാഗത്തിന്റെ സേവനം കൂടി ഇവിടെ ലഭിക്കാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്ന് നോഡല്‍ ഓഫിസര്‍ ഡോ. സുവാന്‍ പറഞ്ഞു. ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എ അജാസ്, ആര്‍എംഒ ഡോ. ആര്‍ പി രഞ്ജിന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ലക്ഷ്മി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top