മൂന്നാംമുറക്കാര്‍ക്ക് ഡിജിപിയുടെ താക്കീത്, കര്‍ശന നടപടി

തിരുവനന്തപുരം: മൂന്നാംമുറ പോലിസില്‍ വേണ്ടെന്നും ഇത് സ്വീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡിജിപിയുടെ വിമര്‍ശനം. കുറച്ച് പേരുടെ പെരുമാറ്റം പോലിസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. മൂന്നാംമുറ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. മൂന്നാംമുറ സ്വീകരിക്കുന്നവരെയും മോശം സ്വഭാവമുള്ളവരെയും കണ്ടെത്തി നേരായ മാര്‍ഗത്തില്‍ കൊണ്ടുവരണം. എന്നിട്ടും നന്നായില്ലെങ്കില്‍ സേനയില്‍ നിന്ന് പിരിച്ചുവിടണം.
നല്ല പെരുമാറ്റമുള്ളവര്‍ക്ക് പാരിതോഷികം നല്‍കണം. പൊതുജനങ്ങളോട് പോലിസ് മാന്യമായേ പെരുമാറാവൂ. പരാതിക്കാരോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ സ്റ്റേഷന്‍ ഹെഡ് ഓഫിസര്‍മാര്‍ ശ്രദ്ധിക്കണം. സ്റ്റേഷനുകളില്‍ പിആര്‍ഒ തസ്തികകള്‍ നിര്‍ബന്ധമാക്കും. പോലിസ് സേനയുടെ ശുദ്ധീകരണത്തിന് കര്‍മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. വരാപ്പുഴ കസ്റ്റഡിമരണം അടക്കം പോലിസിനെതിരേ വ്യാപക ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ എഡിജിപി മുതല്‍ ജില്ലാ പോലിസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ഡിജിപി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
അതേസമയം, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരേ യുവാവിന്റെ കുടുംബം നല്‍കിയ പരാതി പരിഗണിക്കുമെന്ന് ഡിജിപി പറഞ്ഞു. സത്യസന്ധവും ശാസ്ത്രീയവുമായാണ് അന്വേഷണം നടക്കുന്നത്. മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിഷ്പക്ഷമായ ശാസ്ത്രീയ അന്വേഷണത്തിനുശേഷം മാത്രമേ കേസില്‍ നടപടി സ്വീകരിക്കൂവെന്നും ഡിജിപി പറഞ്ഞു. റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത് പ്രാഥമിക തെളിവുകള്‍പ്രകാരം മാത്രമാണ്. കൂടുതല്‍ അന്വേഷണം നടന്നാല്‍ മാത്രമേ മറ്റു പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാവൂ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ പറയുന്ന വീഡിയോ താനും കണ്ടു. അത് അന്വേഷണസംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top