മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും യാഥാര്‍ഥ്യമാവാതെ അമ്യാര്‍ചാല്‍ റോഡ്

കുറ്റിയാടി: നിര്‍മാണം തുടങ്ങി മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും കാവിലുംപാറ എടത്തുംവേലിക്കാത്ത് -അമ്യാര്‍ ചാലില്‍ റോഡ് യാഥാര്‍ഥ്യമായില്ല. മഴക്കാലമായതിനാല്‍ റോഡ് മുഴുവന്‍ ചെളിക്കുളമായിരിക്കുന്നു. ഇതോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പി പി കുമാരന്‍ ജനപ്രതിനിധിയായിരുന്ന കാലത്താണ് റോഡ് നിര്‍മാണത്തിന് തുടക്കമിട്ടത്.
അക്കാലത്ത് 10000 രൂപ ചെലവഴിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. പിന്നീട് റോഡ് വികസനത്തിന് യാതൊരു ഇടപെടലും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന പ്രകാരം രണ്ട് വര്‍ഷം മുമ്പ് ഇ കെ വിജയന്‍ എംഎല്‍എയുടെ വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. യഥാസമയം എഗ്രിമെന്റ് തയ്യാറാക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സായി പോയതാണെന്നും നാട്ടുകാര്‍ പറയുന്നു.
ഈ അടുത്ത കാലത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും റോഡിന് അനുവദിച്ചിരുന്നു. എന്നാല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു.

RELATED STORIES

Share it
Top