മൂന്നരലക്ഷം മുടക്കി നിര്‍മിച്ച വാട്ടര്‍ടാങ്ക് നോക്കുകുത്തിയായി

വടകര: ജനകീയസൂത്രണ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം മുടക്കി വടകര മുനിസിപ്പാലിറ്റി മാക്കൂല്‍ പീടികയില്‍ നിര്‍മ്മിച്ച ശുദ്ധ ജലവിതരണ പദ്ധതിയും ടാങ്കും നോക്കുകുത്തിയായി മാറിയിട്ട് വര്‍ഷങ്ങള്‍. നഗരസഭ പരിധിയിലെ 17ാം വാര്‍ഡിലാണ് ചുറ്റുവട്ടത്തെ ജനങ്ങളുടെ കടുത്ത കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി 18 പൊതു ടാപ്പ് ഉള്‍പ്പെടെയുള്ള പദ്ധതി നടപ്പാക്കിയത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്.
അന്നത്തെ ദേവസ്വം ഗതാഗത മന്ത്രിയും ഇപ്പോഴത്തെ വടകര എംഎല്‍എയുമായ സി കെ നാണുവായിരുന്നു 2000 ആഗസ്റ്റ് 18ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി അകാല ചരമമടയുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി ടാങ്കും കിണറും നിര്‍മ്മിച്ചിരുന്നു. പൊതു സ്ഥലം കിട്ടാത്ത സാഹചര്യത്തില്‍ പ്രദേശത്തെ ഉദാരമതിയായ ഒരു സ്വകാര്യവ്യക്തി നല്‍കിയ സ്ഥലത്തായിരുന്നു കിണര്‍ നിര്‍മ്മിച്ചത്. ഇതിനോട് ചേര്‍ന്ന പൊതുവഴിയില്‍ ഭീമന്‍ തൂണുകള്‍ നിര്‍മ്മിച്ച് ടാങ്കും സ്ഥാപിച്ചു. കിണറില്‍ നിന്ന് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ മൂന്ന് എച്ച്.പിയുടെ മോട്ടോറും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്നു. ഈ പദ്ധതിയിലൂടെ പ്രദേശത്തെ നാല്‍പതോളം വീട്ടുകാര്‍ക്ക് ആദ്യഘട്ടത്തില്‍ വെള്ളം വിതരണം ചെയ്തിരുന്നു. വൈദ്യുതി ചാര്‍ജ്ജ് വെള്ളം ഉപയോഗിക്കുന്ന വീട്ടുകാര്‍ നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു പദ്ധതിക്കു രൂപം നല്‍കിയതും നടപ്പാക്കിയതും. ആദ്യഘട്ടത്തില്‍ മാസം 30 രൂപയായിരുന്നു വൈദ്യുതി ചാര്‍ജ്ജായി ഓരോ വീട്ടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് 50 രൂപയായി ഉയര്‍ന്നു.
ഇതോടെ ഉപഭോക്താക്കളില്‍ ചിലര്‍ പദ്ധതിയില്‍ നിന്നും മാറിനില്‍ക്കുകയും പരിസരത്തെ മറ്റൊരു പൊതു കിണര്‍ ശുചീകരിച്ച് വെളളമെടുക്കാന്‍ തുടങ്ങുകയും ചെയ്യുകയുമായിരുന്നു. ഇതോടെ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു. തത്ഫലമായി ഓരോ ഉപഭോക്താവും നല്‍കേണ്ട കറണ്ട് ചാര്‍ജ്ജിലും ഗണ്യമായി വര്‍ദ്ധനവുണ്ടായി. ഇതോടെ ബാക്കിയുളള ഗുണഭോക്താക്കളും പദ്ധതിയെ കൈവെടിയുകയായിരുന്നു.അതേസമയം വേനല്‍ കാലത്ത് കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മാക്കൂല്‍ പീടിക പ്രദേശം. ഗുണഭോക്താക്കളുടെ മേല്‍ അമിത ബാധ്യത ചെലുത്തിയതാണ് പദ്ധതി നിലക്കാന്‍ കാരണമെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. പദ്ധതി നിലനിര്‍ത്തി കൊണ്ടുപോകുന്നതില്‍ മുനിസിപ്പല്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇന്നും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടമോടുന്ന മേഖലിയില്‍ ഈ പദ്ധതിയെ നാട്ടുകാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്നാണ് ഇവിടുത്തെ പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം പ്രശ്‌നത്തെ കുറിച്ച് വാര്‍ഡ് കൗണ്‍സിലറോട് അന്വേഷിച്ചപ്പോള്‍ നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇത് സംബന്ധിച്ച് മറ്റൊരു അറിവും അവര്‍ക്കില്ല. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് പദ്ധതി വഴിയാണ് നഗരസഭയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. ഇത് പലപ്പോഴും പൈപ്പ് പൊട്ടല്‍ പ്രശ്‌നത്തിലൂടെയാണ് അവതാളത്തിലാവുന്നത്. വേനല്‍കാലം കനത്തു തുടങ്ങുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഈ സമയങ്ങളില്‍ ഇത്തരം പദ്ധതികള്‍ പ്രയോജനപ്പെടുത്തി കുടിവെള്ള വിതരണം സുഗമമാക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top