മൂത്രപ്പുര അടച്ചു; ദുരിതംപേറി യാത്രക്കാര്‍

വടകര: പഴയ ബസ് സ്റ്റാന്റിലെ മൂത്രപ്പുര നവീകരണത്തിനായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പ്രാഥമിക കൃത്യങ്ങള്‍ക്ക് ഇടമില്ലാതെ യാത്രക്കാര്‍ വലയുന്നു. ശുചിത്വ നഗരം, സുന്ദര നഗരം എന്നല്ലാം നഗരസഭ ഭരാണിധികാരികള്‍ കൊട്ടിഘോഷിച്ചെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും അവസ്ഥ തഥൈവ. ആയരക്കണക്കിനു യാത്രക്കാരാണ് ദിവസവും വടകര പഴയ ബസ് സ്റ്റാന്റില്‍ വന്നിറങ്ങുന്നത്. പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് തോന്നിയാല്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിനും സാധിക്കാത്തവര്‍ പൊതുസ്ഥലത്ത് മൂത്രവിസര്‍ജ്ജനം ചെയ്ത് പരിസരം മലീമസമാക്കിയിരിക്കുകയാണ്.
അടുത്തുള്ള കടകളിലും മറ്റും ഉള്ളവര്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ്. ഇ ടോയിലറ്റ് എന്ന പേരില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ടു ടോയിലറ്റുകള്‍ പണിതെങ്കിലും ഒരുദിവസം പോലും അത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വൃത്തിയുള്ള, ശുചിത്വമുള്ള നഗരങ്ങള്‍ എന്ന് ആഗ്രഹിച്ചതുകൊണ്ട് മാത്രമാവില്ല. ഭരണാധികാരികള്‍ അതിനായി ഭൗതിക സൗകര്യം ഒരുക്കുകയും, അത് നിലനിര്‍ത്താന്‍ പൊതുസമൂഹം തെയ്യാറാകുകയും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം ഇവിടെ സ്ഥാപിച്ച ടാങ്ക് നിറഞ്ഞതിനാലാണ് കേന്ദ്രം തുറക്കുന്നതിന് കാലതാമസം നേരിട്ടത്. കോഴിക്കോടുള്ള ഒരു ടീം ഇവിടെയുള്ള മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ കംഫര്‍ട്ട് സ്റ്റേഷന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞതായും ഇന്ന് തന്നെ സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നുമാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top