മൂത്തമകന്റെ ചതിയില്‍ വഴിയാധാരമായി വിശ്വംഭരന്‍

ബിജോയ് വരാപ്പുഴ
വരാപ്പുഴ: സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം മൂത്ത മകന്‍ ചതിച്ചു. അന്തിയുറങ്ങാന്‍ ഇടം തേടി പിതാവ് അലയുന്നു. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം തൈക്കൂട്ടത്തില്‍ വിശ്വംഭരനാ(64)ണ് അന്തി ഉറങ്ങാന്‍ ഇടം തേടി അലയുന്നത്.
കുടുംബ സമേതം വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മൂത്തകുന്നത്തിന് സമീപം വാങ്ങിയിരുന്ന വീടും സ്ഥലവും മൂത്ത മകന്‍ വിവേകിന് വിശ്വംഭരന്‍ ഇഷ്ടദാനമായി എഴുതി നല്‍കിയിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ്ഈ വീട്ടില്‍ താമസിച്ചിരുന്നത്. മല്‍സ്യബന്ധന ബോട്ടിന്റെ ഉടമ കൂടിയായിരുന്നു വിശ്വംഭരന്‍.
മല്‍സ്യബന്ധനം നടത്തുന്നതിനിടെ മുനമ്പം കായലില്‍ ഈ ബോട്ട് മുങ്ങുകയും മൂന്ന് തൊഴിലാഴികള്‍ മരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് വിശ്വംഭരന് ഉണ്ടായിരുന്നത്.
വീടും പറമ്പും പറവൂര്‍ സഹകരണ ബാങ്കില്‍ ഈട് നല്‍കി നാല് ലക്ഷത്തി അമ്പതിനായിരം രൂപ വായ്പ എടുത്താണ് വിശ്വംഭരന്‍ തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. ഇതിനിടെ മൂത്ത മകന് ബാംഗ്ലൂരില്‍ ജോലിയും ലഭിച്ചിരുന്നു.
സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്പ വിശ്വംഭരന് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വായ്പയുടെ പലിശയും കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കെ ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന മൂത്ത മകന്‍ ബാങ്കിലെ കടം വീട്ടി ആധാരം തിരിച്ചെടുക്കുന്നതിനായി മുന്നോട്ട് വന്നു. വീടും പറമ്പും തന്റെ പേരില്‍ ഇഷ്ടദാനമായി എഴുതി തരണമെന്ന നിബന്ധനയും മൂത്തമകന്‍ മുന്നോട്ട് വച്ചു. ഇതിന് പകരമായി പിതാവിന്റെ പേരില്‍ തന്നെ വീടും സ്ഥലവും വാങ്ങി തരാമെന്ന് മൂത്തമകന്‍ ഉറപ്പ് നല്‍കിയിരുന്നതായി വിശ്വംഭരന്‍ പറഞ്ഞു.
ഭാര്യയും മറ്റ് മക്കളും മൂത്തമകന് വീടും പറമ്പും ഇഷ്ടദാനമായി എഴുതി നല്‍കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ മൂത്തമകന് വിശ്വംഭരന്‍ വീടും പറമ്പും ഇഷ്ടദാനമായി എഴുതി നല്‍കുകയും ചെയ്തു. ഒരു കോടിയോളം വിലമതിക്കുന്ന വീടും പറമ്പും ഇഷ്ടദാനമായി ലഭിച്ചതോടെ മാതാവിനേയും സഹോദരനേയും സഹോദരിയേയും ബാംഗ്ലൂരിലേയ്ക്ക് കൊണ്ട് പോയതോടെ വിശ്വംഭരന്‍ വീട്ടില്‍ തനിച്ചായി. ഇതിനിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയേണ്ടി വന്ന വിശ്വംഭരന്‍ ഇതിന് ശേഷം കുറച്ച് ദിവസം എസ്എന്‍ പുരത്തുള്ള സഹോദരന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു.
ഈ തക്കം നോക്കി തനിക്ക്  ഇഷ്ടദാനമായി  ലഭിച്ച വീടും പറമ്പും മൂത്ത മകന്‍ വില്പന നടത്തിയതായും ഇഷ്ടദാനമായി നല്‍കിയപ്പോള്‍ മകന്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയ്യാറായില്ലെന്നും വിശ്വംഭരന്‍ പറഞ്ഞു. ഇതോടെ വഴിയാധാരമായ വിശ്വംഭരന്‍ സ്ഥിരമായി അന്തിയുറങ്ങാന്‍ ഇടം തേടി അലയുകയാണ്. വേീടും പറമ്പും ഇഷ്ടദാനമായി എഴുതി നല്‍കിയപ്പോള്‍ വാഗ്ദാനം നടപ്പിലാക്കി കിട്ടാന്‍ പോലിസിന്റെ സഹായം തേടിയിരിക്കുകയാണ് വിശ്വംഭരന്‍.

RELATED STORIES

Share it
Top