മൂണ്‍ ജെ ഇന്നിനെ പ്യോങ്‌യാങിലേക്കു ക്ഷണിച്ച് കിം ജോങ് ഉന്‍

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ പ്യോങ്‌യാങിലേക്കു ക്ഷണിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇതാദ്യമായാണ് കിം ജോങ് ഉന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ ഉത്തരകൊറിയയിലേക്കു ക്ഷണിക്കുന്നത്. പ്യോങ്‌യാങ് സന്ദര്‍ശനത്തിനുള്ള ക്ഷണം ഉത്തരകൊറിയന്‍ പ്രതിനിധി സംഘത്തില്‍നിന്നു ലഭിച്ചതായി മൂണ്‍ ജെ ഇന്നിന്റെ വക്താവ് കിം യൂക്യോം അറിയിച്ചു. സോളില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു. കിം ജോങിന്റെ സഹോദരി കിം യോ ജോങ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള കിം ജോങ് ഉന്നിന്റെ സന്ദേശം ഉത്തരകൊറിയന്‍ സംഘം കൈമാറിയതായി ദക്ഷിണകൊറിയന്‍ വക്താവ് അറിയിച്ചു. സമീപഭാവിയില്‍ തന്നെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാനൊരുക്കമാണെന്നും ഇരുകക്ഷികള്‍ക്കും സൗകര്യപ്രദമായ സമയത്ത് മൂണ്‍ ജെ ഇന്നിന്റെ പ്യോങ്‌യാങ് സന്ദര്‍ശനമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും കിം ജോങ് ഉന്നിന്റെ സന്ദേശത്തില്‍ പറയുന്നു. കൊറിയന്‍ നേതാക്കളുടെ  കൂടിക്കാഴ്ച യാഥാര്‍ഥ്യമാക്കുന്നതിനായി ഇരുപക്ഷത്തു നിന്നുമുള്ളവരുടെ പ്രവര്‍ത്തനം ആവശ്യമാണെന്നു മൂണ്‍ ജെ ഇന്‍ വ്യക്തമാക്കി. കൊറിയകള്‍ തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. യുഎസുമായും ഉത്തരകൊറിയയുമായും ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ജെ ഇന്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയന്‍ സംഘത്തിന്റെ സന്ദര്‍ശനം. അതേസമയം, ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ആദ്യമായി മൂണ്‍ ജെ ഇന്നിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു. കിം ജോങ് ഉന്നിന്റെ സഹോദരിയെ  മൂണ്‍ ജെ ഇന്‍ അടക്കമുള്ള ദക്ഷിണ കൊറിയന്‍ നേതാക്കള്‍ സ്വീകരിക്കുന്നതിന്റെ ചിത്രമാണ് ഉത്തരകൊറിയന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

RELATED STORIES

Share it
Top