മുഹമ്മദ് കോയ വധം: അഞ്ചുപേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: പറപ്പൂര്‍ പൊട്ടിപ്പാറയില്‍ പൂവന്‍ മഠത്തില്‍ മുഹമ്മദ് കോയയെ (54) മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തി ല്‍ ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ചുപേരെ വേങ്ങര പോലിസ് അറസ്റ്റ് ചെയ്തു. മുച്ചിക്കുന്നന്‍ ജബ്ബാര്‍, മൊയ്തീ ന്‍ ഷാ, നൗഫല്‍, ഹകീം, അസ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊട്ടിപ്പാറയില്‍ മുഹമ്മദ് കോയ ജോലി ചെയ്യുന്ന വളം നിര്‍മാണശാലയ്ക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാലിത്തീറ്റയുമായി എത്തിയ ലോറി ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടണമെന്നും ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ഇതിനിടെ, കാലിത്തീറ്റ ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്തര്‍ക്കമുണ്ടാവുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 10ഓടെ കോയയെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. കോയയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്നു പോലിസിന് ലഭിച്ചിരുന്നു. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഖബറടക്കി.

RELATED STORIES

Share it
Top