മുഹമ്മദ് കുട്ടിയുടെ ചെറുനാരങ്ങയ്ക്ക് ഇശലിന്റെയും ശബ്ദാനുകരണത്തിന്റെയും ചന്തം

കൊണ്ടോട്ടി: തെരുവില്‍ ചെറുനാരങ്ങ വില്‍പനയാണെങ്കിലും മാപ്പിളപ്പാട്ടിന്റെ ഇശലുകളും ശബ്ദാനുകരണ കലയുടെ സര്‍ഗാത്മഗതയും കൈവിടാതെ ജീവിക്കുകയാണു മുഹമ്മദ് കുട്ടി. കൊണ്ടോട്ടി മുണ്ടപ്പലം വട്ടപ്പറമ്പില്‍ ഉരുണിക്കുളവന്‍ യു കെ മുഹമ്മദ് കുട്ടിയാണുപ്രായം മറന്ന് ഇന്നും ശബ്ദാനുകരണ കലയിലും, ഗാനാലാപനത്തിലും വേദികളില്‍ വ്യത്യസ്ഥനാവുന്നത്.
കൊണ്ടോട്ടി തങ്ങള്‍സ് റോഡില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ചെറുനാരങ്ങ വില്‍പന നടത്തി ഉപജീവനം നടത്തുന്ന യു കെ മുഹമ്മദ് കുട്ടി നാല്‍പതു വര്‍ഷത്തിലേറെയായി മിമിക്രിയിലും, മാപ്പിളപ്പാട്ടിലുമുള്ള സര്‍ഗശേഷിയുമായി വേദിയില്‍ മുന്നേറുന്നത്. അന്തരിച്ച മലയാളത്തിന്റെ പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിനൊപ്പം മിമിക്രിയില്‍ വേദി പങ്കിട്ടാണു മുഹമ്മദ് കുട്ടി ഇളം പ്രായത്തില്‍ തന്റെ സര്‍ഗാത്മഗത തെളിയിച്ചത്. പിന്നീട് മുക്കം പ്രകാശ്, കെ എസ് രാജന്‍, പ്രകാശ് പയ്യാനക്കല്‍, സി കെ ഉമ്മര്‍ എന്നിവരോടൊപ്പവും നിരവധി വേദികള്‍ പങ്കിട്ടു. ചലച്ചിത്ര താരങ്ങളുടേയും, പക്ഷിമൃഗാദികളുടേയും വേറിട്ട ശബ്ദവും, എ വി മുഹദിന്റെ ഗാനങ്ങളുമാണ് മുഹമ്മദ് കുട്ടിയുടെ ഹൈലറ്റ്. പാട്ടും, ശബ്ദാനുകരണവും പാലിയേറ്റീവ് യൂനിറ്റുകളില്‍ അവതരിപ്പിക്കാനാണ് മുഹമ്മദ് കുട്ടിക്ക് ഇന്നു കൂടുതല്‍ ഇഷ്ടം.
ജീവിതം നാലു ചുമരകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് കഴിയുന്നവരുടെ കൂട്ടായ്മയില്‍ അവരെ സന്തോഷിപ്പിക്കാനായി മാത്രം ഒരുപ്രതിഫലവും കൂടാതെ മിമിക്രിയും ഗാനാലാപനവും നടത്തുന്നതിനാണ് ഇന്ന് മുഹമ്മദ് കുട്ടി സമയം കണ്ടെത്തുന്നത്. പ്രേംനസീര്‍, മുത്തയ്യ, തിക്കുറുശ്ശി, കെ പി ഉമ്മര്‍, ശങ്കരാടി, ശാരദ, ഷീല തുടങ്ങിയ പഴയ 30 ചലച്ചിത്ര നടന്മാരുടെ ശബ്ദങ്ങളാണു മുഹമ്മദ് കുട്ടിയുടെ മാസ്റ്റര്‍പീസ്. ഇതിനൊപ്പം എ വി മുഹമ്മദിന്റെ മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളും കൂടി ചേര്‍ക്കുന്നതോടെ മുഹമ്മദ് കുട്ടി കാണികളെ വിസ്മയിപ്പിക്കും.
കൊണ്ടോട്ടി തങ്ങള്‍സ് റോഡില്‍ ദുബയ് ഗോള്‍ഡ് സൂക്കിന്റെ ഉടമകളുടെ സഹകരണത്തോടെയാണ് കടയുടെ ഒരുഭാഗത്ത് മുഹമ്മദ് കുട്ടി ചെറുനാരങ്ങ വില്‍പന നടത്തുന്നത്. അറിയുന്നവര്‍ക്കു മുമ്പില്‍ കച്ചവടത്തിനിടയിലും മിമിക്രിയും ഗാനവും അവതരിപ്പിക്കാന്‍ മുഹമ്മദ് കുട്ടിക്ക് മടിയില്ലെന്നുള്ളതും ഈ കലാകാരനെ മറ്റുളളവരില്‍നിന്നു വ്യത്യസ്ഥനാക്കുന്നു.
കേരളോല്‍സവത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം പങ്കെടുത്തുന്നതിന് അടക്കം 25ലേറെ പുരസ്‌കാരങ്ങള്‍ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്. പാണക്കാട് പൂക്കോയതങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററിയിലും, വ്യാപാരി വ്യവസായി ഏകോപന സമിതിയും, പോലിസും ചേര്‍ന്ന് ഒരുക്കിയ ബോധവല്‍ക്കരണ റോഡ് ഷോയിലും ഈ അറുപതുകാരന്‍ തന്റെ സര്‍ഗാത്മത തെളിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top